ad
Deshabhimani

ഇറാഖ്-ഇറാൻ അതിർത്തിയിൽ ജനജീവിതം ദുസ്സഹം; കുടുംബങ്ങൾ ഒറ്റപ്പെടുന്നു, വ്യാപാരം നിലച്ചു

Iraq.jpg
വെബ് ഡെസ്ക്

Published on Mar 30, 2026, 06:05 PM | 1 min read

ഹലബ്ജ: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം കടുക്കുന്നതോടെ ഇറാഖ്-ഇറാൻ അതിർത്തി മേഖലകളിലെ ജനജീവിതം അതീവ പ്രതിസന്ധിയിൽ. അതിർത്തി പ്രദേശങ്ങളിൽ ഇറാന്റെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചതും യുദ്ധസമാനമായ സാഹചര്യവും കാരണം നൂറുകണക്കിന് കുടുംബങ്ങളാണ് പരസ്പരം ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടിരിക്കുന്നത്.


മേഖലയിലെ പരമ്പരാഗത വ്യാപാര ശൃംഖലകളും പൂർണ്ണമായും നിലച്ചു. യുദ്ധം കാരണം ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകരാറിലായതാണ് അതിർത്തിയുടെ ഇരുവശത്തുമുള്ള കുടുംബങ്ങളെ വലയ്ക്കുന്നത്. ഇറാഖിലെ കുർദിഷ് മേഖലയിൽ അഭയം പ്രാപിച്ച പലർക്കും ഇറാനിലുള്ള തങ്ങളുടെ ഉറ്റവരുമായി സംസാരിക്കാൻ പോലും കഴിയുന്നില്ല.


ഇറാഖി സിം കാർഡുകൾ ഉപയോഗിച്ച് അതിർത്തിക്കടുത്ത് പോയി സിഗ്നൽ പിടിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും അപകടകരമാകുന്നു. ഇത്തരത്തിൽ അതിർത്തിയിലേക്ക് അടുക്കുന്നവർക്ക് നേരെ ചാരന്മാരെന്ന് ആരോപിച്ച് വെടിവെപ്പുണ്ടാകുന്നതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലൂടെ സാധനങ്ങൾ ചുമന്നുകൊണ്ട് പോകുന്ന 'കൊൾബാറുകൾ' എന്നറിയപ്പെടുന്ന തൊഴിലാളികളുടെ ഉപജീവനം പൂർണ്ണമായും തടസ്സപ്പെട്ടു.


നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂടി നിലച്ചതോടെ അതിർത്തി ഗ്രാമങ്ങളിൽ വിലക്കയറ്റവും പട്ടിണിയും രൂക്ഷമാണ്. അതിർത്തി കടന്നുള്ള സായുധ നീക്കങ്ങൾ തടയാൻ ഓരോ പോയിന്റിലും സൈനികരുടെ എണ്ണം ഇറാൻ വർദ്ധിപ്പിച്ചു. നിരീക്ഷണ ക്യാമറകളും ചെക്ക് പോസ്റ്റുകളും വഴി അതിർത്തി പൂർണ്ണ നിയന്ത്രണത്തിലാണ്. ഇറാനിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരും യുദ്ധഭീതിയിലുള്ളവരും വലിയ തോതിൽ ഇറാഖിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ട്.


എന്നാൽ അതിർത്തിയിലെ കടുത്ത നിയന്ത്രണങ്ങൾ ഇവരെയും പ്രതിസന്ധിയിലാക്കുന്നു. വിദ്യാലയങ്ങളും ജിംനേഷ്യങ്ങളും സൈനിക ആവശ്യങ്ങൾക്കായി പിടിച്ചെടുക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ വൻ തുക നൽകേണ്ടി വരുന്നത് സാധാരണക്കാരെ തളർത്തുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home