ലെബനനിലെ അധിനിവേശം അവസാനിപ്പിക്കുന്നതും ധാരണയിൽ ഉൾപ്പെടുമെന്ന് ഇറാൻ; 'ആവശ്യമുള്ളിടത്തോളം കാലം' തുടരുമെന്ന് നെതന്യാഹു

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയെയിൽ, അന്തരിച്ച ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും അദ്ദേഹത്തിന്റെ മകനും ഇറാന്റെ പരമോന്നത നേതാവുമായ മെജ്താബ ഖമനേയിയുടെയും ചിത്രമുള്ള ഭീമൻ ബിൽബോർഡ് | PHOTO: AFP
ദുബായ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായുള്ള കരാർ പ്രകാരം ലെബനനിൽ നിന്ന് ഇസ്രയേൽ പിന്മാറേണ്ടതുണ്ടെന്ന് ഇറാൻ. അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ ലംഘനമായിരിക്കും തെക്കൻ ലെബനനിലെ ഇസ്രയേലിന്റെ തുടർച്ചയായ അധിനിവേശമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലെബനനിലെ ഇസ്രയേൽ അധിനിവേശം അവസാനിക്കുക എന്നത് യുദ്ധം പൂർണമായി അവസാനിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ഈ യുദ്ധത്തിനിടയിൽ ഇസ്രായേൽ സൈന്യം കൈയേറിയ പ്രദേശങ്ങളിൽ നിന്ന് അവർ പിന്മാറാതെ, യുദ്ധം പൂർണമായി അവസാനിച്ചുവെന്ന് പറയാനാകില്ല. ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ധാരണാപത്രത്തിന്റെ ലംഘനമായി തങ്ങൾ കണക്കാക്കുമെന്നും അരാഗ്ചി പറഞ്ഞു.
എന്നാൽ ലെബനനിലെ ഇസ്രയേൽ അധിനിവേശവും കരാറിന്റെ ഭാഗമാണോ എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. ഇറാനുമായുണ്ടാക്കിയ കരാറിൽ തങ്ങൾ കക്ഷിയല്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനമാണ് കരാറെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞത്. ഇസ്രയേലിന് സ്വന്തം മുൻഗണനകളുണ്ടെന്നും ലെബനനിൽ ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിനെ കൂട്ടുപിടിച്ച് പശ്ചിമേഷ്യയിൽ തീക്കളിക്കിറങ്ങി വെട്ടിലായ യുഎസ് 108 ദിവസം നീണ്ട സംഘർഷത്തിനൊടുവിലാണ് ഇറാനുമായി സമാധാനക്കരാറിന് ധാരണയായത്. യുദ്ധം അവസാനിപ്പിക്കാൻ വൈറ്റ്ഹൗസും ഇറാൻ സർക്കാരും തയ്യാറായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ ഉപ വിദേശമന്ത്രി കാസെം ഗരീബാബാദിയും സ്ഥിരീകരിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ധാരണപത്രം വെള്ളിയാഴ്‌ച സ്വിറ്റ്‌സർലൻഡിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ട്.










0 comments