ഹോർമുസിന്റെ സുരക്ഷയും നിയന്ത്രണവും; പുതിയ നിയമവുമായി ഇറാൻ പാർലമെന്റ്

പ്രതീകാത്മക ചിത്രം | REUTERS/Lisa Leutner/File Photo
തെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇറാൻ. കടലിടുക്കിന്റെ പരമാധികാരവും മേൽനോട്ടവും കൂടുതൽ ശക്തമാക്കുന്നതിനുള്ള സുപ്രധാന ബില്ലിൽ ഇറാന്റെ പാർലമെന്റ് നടപടികൾ ആരംഭിച്ചതായി നാഷണൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ വ്യക്തമാക്കി. സമുദ്രപരിധി ലംഘിച്ച അമേരിക്കൻ ഡ്രോണുകൾ കഴിഞ്ഞ ദിവസം രാത്രി ഇറാൻ സൈന്യം വെടിവെച്ചിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയപരമായ നീക്കം.
'ഹോർമുസ് കടലിടുക്കിന്റെയും പേർഷ്യൻ ഗൾഫിന്റെയും സുരക്ഷയ്ക്കും സുസ്ഥിര പുരോഗതിക്കുമുള്ള തന്ത്രപരമായ നടപടി' എന്ന പേരിലുള്ള ബില്ലാണ് ഇറാന്റെ പാർലമെന്റിൽ ഔദ്യോഗികമായി അവതരിപ്പിച്ചതെന്ന് കമ്മിറ്റി തലവൻ ഇബ്രാഹിം അസീസി വ്യക്തമാക്കി. അതിർത്തികൾ സംരക്ഷിക്കുന്നതിലും, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഒരിഞ്ച് പിന്നോട്ടില്ലെന്നും ഇതൊരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ അമേരിക്കൻ സഖ്യത്തിന് കൂടുതൽ ശക്തമായ മറുപടികൾ ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെച്ചൊല്ലി അമേരിക്ക അനാവശ്യ തർക്കങ്ങൾ ആരംഭിച്ചതോടെയാണ് കഴിഞ്ഞ ആഴ്ച യുഎസും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായത്. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക സമാധാന കരാറിന്റെ ഭാവി പോലും അമേരിക്ക കാരണം ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹോർമുസിന്റെ പൂർണമായ മേൽനോട്ട ചുമതല ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കണമെന്ന ഇറാന്റെ ന്യായമായ ആവശ്യത്തെ അമേരിക്ക ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇന്നലെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏകപക്ഷീയമായി ഏറ്റെടുക്കുകയാണെന്നും ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഈ പാതയിലൂടെ പോകുന്ന ചരക്കുകൾക്ക് 20 ശതമാനം ഫീസ് കൊള്ളയടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഇറാൻ ഹോർമുസ് വീണ്ടും അടച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ യുദ്ധം അഴിച്ചുവിട്ടതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാന്റെ പാർലമെന്റ് സമ്മേളനങ്ങൾ തിങ്കളാഴ്ച മുതലാണ് പുനരാരംഭിച്ചത്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി കൂടിയായ മുഹമ്മദ് ബാഗർ ഘാലിബഫ് ആണ് നിലവിൽ പാർലമെന്റ് നിയന്ത്രിക്കുന്നത്.
അമേരിക്കയുമായി മുൻപ് താൽക്കാലിക സമാധാന കരാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പാർലമെന്റിലെ ഒരുവിഭാഗം ജനപ്രതിനിധികൾക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു. അമേരിക്കയുടെ വഞ്ചനാപരമായ നിലപാടുകളെ വിശ്വസിക്കരുതെന്ന നിലപാടുകാരായിരുന്നു ഇവർ. ട്രംപ് വീണ്ടും യുദ്ധഭീഷണിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ അമേരിക്കൻ അധിനിവേശത്തിനെതിരെ രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കാൻ ശക്തമായ നിയമനിർമാണവുമായി ഒന്നിച്ച് മുന്നോട്ട് പോകാനാണ് ഇറാന്റെ ഭരണ - പ്രതിപക്ഷ ഭേദമന്യേയുള്ള തീരുമാനം. പുതിയ ബില്ലിലൂടെ ഹോർമുസ് കടലിടുക്കിൽ കൂടുതൽ സൈനിക - നിയമപരമായ മേൽക്കോയ്മ നേടാൻ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











0 comments