print edition ഒമാനുമായി ധാരണയിലെത്തി; വ്യവസ്ഥകൾ യുഎസ് അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം: ഇറാൻ

തെഹ്റാൻ : തങ്ങളുടെ വ്യവസ്ഥകൾ അമേരിക്ക പൂർണമായി അംഗീകരിച്ചാലേ ഹോർമുസ് കടലിടുക്ക് തുറക്കൂവെന്ന് ഇറാൻ. കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനുമായി പുതിയ പ്രോട്ടോക്കോൾ രൂപീകരിക്കുന്നതിൽ ചർച്ച ഏറെ മുന്നേറിയതായി ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി സ്ഥിരീകരിച്ചു. എന്നാൽ കടലിടുക്ക് തുറക്കുന്ന കാര്യം അമേരിക്കയുടെ നിലപാടുകളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽഗതാഗതം സംബന്ധിച്ച് ഒമാനുമായി പൊതുവായ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും കടലിടുക്ക് തുറക്കുന്നത് അതുമായി മാത്രം ബന്ധപ്പെട്ടല്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് സർദാർ മൊഹേബി പറഞ്ഞു.
ഇസ്ലാമാബാദിലെ സമാധാനചർച്ചയുടെ ധാരണാപത്രം ലംഘിച്ച് വീണ്ടും ആക്രമണം നടത്തിയതിന് അമേരിക്ക നഷ്ടപരിഹാരം നൽകണം എന്നതുൾപ്പെടെ വ്യവസ്ഥകളാണ് ഇറാൻ മുന്നോട്ടുവച്ചിട്ടുള്ളത്. ഒമാനുമായുള്ള ധാരണയുടെ ചട്ടക്കൂട് ഇറാന്റെ ഉന്നത നേതൃത്വം അംഗീകരിച്ചാലുടൻ അന്തിമമാകുമെന്ന് ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. അതേസമയം, ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ കപ്പലിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തെ യുഎഇ അപലപിച്ചു.
ഇറാനിലെ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധസഖ്യം രൂപപ്പെട്ടത് അമേരിക്കയെ അലോസരപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും ഒരുരാജ്യത്തുനുനേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്നു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി തിരിച്ചടിക്കുമെന്നാണ് സൗദി അറേബ്യ, തുർക്കിയെ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാർ മക്കയിൽ ഒപ്പിട്ട കരാറിലെ പ്രഖ്യാപനം.










0 comments