ad
Deshabhimani

ഹോർമുസിൽ സുരക്ഷ കടുപ്പിച്ച് ഇറാൻ; പുതിയ റൂട്ട് ഉപയോഗിക്കാൻ നിർദേശം

Indian tanker.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 08, 2026, 06:28 PM | 2 min read

തെഹ്റാൻ : അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളെ ശക്തമായ പ്രതിരോധിച്ച് ഇറാൻ. പശ്ചിമേഷ്യയിൽ ആധിപത്യം ഉറപ്പിക്കാനായി അമേരിക്കയുടെ നേതൃത്വത്തിൽ ഹോർമുസ് കടലിടുക്കിൽ രൂപീകരിച്ച ഒമാൻ സമാന്തര പാതയിലൂടെയുള്ള നീക്കങ്ങളെ തടഞ്ഞാണ് ഇറാൻ തിരിച്ചടിച്ചത്.


ഒമാൻ തീരത്തുകൂടി താൽക്കാലികമായി സജ്ജീകരിച്ചിട്ടുള്ള കടൽപ്പാത വഴി സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായാണ് റിപ്പോർട്ട്. സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ നിയന്ത്രണത്തിലുള്ള പാതയ്ക്ക് പകരം ഇറാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക കപ്പൽചാൽ ഉപയോഗിക്കാൻ ടാങ്കറിനോട് ഐആർജിസി റേഡിയോ വഴി നിർദ്ദേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഹോർമുസ് കടലിടുക്ക് കടന്നുപോയ എല്ലാ കപ്പലുകളും ഒമാൻ പാതയ്ക്ക് പകരം ഇറാൻ നിശ്ചയിച്ച സുരക്ഷിത റൂട്ടാണ് ഉപയോഗിച്ചതെന്ന് കപ്പൽ നിരീക്ഷണ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ഗൾഫ് മേഖലയിൽ മേൽക്കോയ്മ സ്ഥാപിക്കാൻ അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും ചേർന്ന് ജൂൺ 24നാണ് ഈ താൽക്കാലിക പാത പ്രഖ്യാപിച്ചത്. എന്നാൽ ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം ഇപ്പോൾ പൂർണമായും ഇറാന്റെ കടുത്ത നിരീക്ഷണത്തിലാണ്. അതേസമയം ഇന്ത്യൻ കപ്പൽ തിരിച്ചയച്ച സംഭവത്തിൽ ഇന്ത്യൻ അധികൃതരോ അമേരിക്കയോ ഒമാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


മേഖലയിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഇറാന്റെ നീക്കങ്ങൾക്കിടയിലും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിന്റെ എൽഎൻജി കാരിയർ, സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കപ്പൽ എന്നിവ ഉൾപ്പെടെ മൂന്ന് വാണിജ്യ ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നു. തിരിച്ചറിയാത്ത ഷെൽ പതിച്ച് ഒരു കപ്പലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളെ മുൻനിർത്തി മേഖലയിൽ വീണ്ടും യുദ്ധവെറി പൂണ്ടാണ് അമേരിക്ക പ്രതികരിക്കുന്നത്.


ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, റവല്യൂഷണറി ഗാർഡ്സിന്റെ ചെറിയ ബോട്ടുകൾ എന്നിവ ഉൾപ്പെടെ എൺപത്തി അഞ്ചിലധികം ജനകീയ പ്രതിരോധ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സൈന്യം വൻതോതിൽ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന താൽക്കാലിക അനുമതിയും അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയുടെ ഈ ധിക്കാരപരമായ വ്യോമാക്രമണത്തെയും സാമ്പത്തിക ഉപരോധത്തെയും ഇറാൻ ശക്തമായി അപലപിച്ചു. സമാധാന കരാറുകൾ ലംഘിക്കുന്നത് അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി. ദേശീയ താൽപ്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home