ad
Deshabhimani

ഖമ്നേയിയുടെ വിലാപയാത്ര ഇറാഖിലെ നജാഫിൽ; പതിനായിരങ്ങൾ പങ്കുചേർന്നു

Ali Khamnei

ഇറാന്റെ പരമോന്നത നേതാവ് അലി ഖമ്നേയിയുടെ ശവമഞ്ചം നജാഫിലെ ഇമാം അലി മസ്ജിദിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്ന വിശ്വാസികൾ | Photo by HUSSEIN FALEH / AFP

വെബ് ഡെസ്ക്

Published on Jul 08, 2026, 06:50 PM | 2 min read

തെഹ്റാൻ : അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ വിലാപയാത്ര ബുധനാഴ്ച ഇറാഖിലെ പുണ്യനഗരമായ നജാഫിൽ ആരംഭിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. ഇറാനിലാണ് ശനിയാഴ്ച ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച നേതാവിനോടുള്ള ആദരസൂചകമായി തെഹ്‌റാനിലെ തെരുവുകളും വ്യോമപാതയും പൂർണമായി അടയ്ക്കുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു.


ചൊവ്വാഴ്ച നജാഫിലെത്തിച്ച ഖമ്നേയിയുടെ ഭൗതികശരീരം ബുധനാഴ്ച വൈകീട്ടോടെ കർബലയിലേക്ക് കൊണ്ടുപോകും. അതിനുശേഷം ഇറാനിലേക്ക് തിരികെ കൊണ്ടുപോകുക. പശ്ചിമേഷ്യയിൽ കടുത്ത സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾ കഴിയുന്നത് വരെ അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളെത്തുടർന്ന് ബുധനാഴ്ച രാവിലെ യുഎസ് ഇറാനിൽ വ്യോമാക്രമണങ്ങൾ നടത്തി. ഇതിന് മറുപടിയായി ഇറാൻ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഇത് നിലവിലെ താൽക്കാലിക സമാധാന കരാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഷിയാ മുസ്‌ലിംകളുടെ പുണ്യനഗരമായ നജാഫിൽ ഖമ്നേയിയുടെ ചിത്രങ്ങളേന്തിയാണ് അനുയായികൾ ഭൗതികശരീരത്തെ സ്വീകരിച്ചത്. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ ഭൗതികശരീരത്തെ അനുഗമിക്കുന്നുണ്ട്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പതാക പുതപ്പിച്ച പെട്ടി, ഗ്ലാസ് കൂടുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിലാപയാത്രയിൽ പങ്കെടുത്തവരിൽ ചിലർ ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ചും, മറ്റു ചിലർ ഇറാന്റെ പതാകകളും പ്രതികാരത്തിന്റെ സൂചനയായ ചുവപ്പ്, കറുപ്പ് പതാകകളും ഏന്തിയുമാണ് പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തിയത്.


നജാഫിലെ പ്രമുഖ പണ്ഡിതനായ മുഹമ്മദ് തഖി അൽ-ഹക്കീം ഇമാം അലി മസ്ജിദിൽ വെച്ച് അന്ത്യപ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ശവമഞ്ചം മസ്ജിദിനുള്ളിലേക്ക് മാറ്റുന്നതിനിടയിൽ അതിനടുത്തേക്ക് എത്താൻ ജനക്കൂട്ടം തള്ളിക്കയറി. ജനത്തിരക്ക് നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടി. നജാഫിൽ നിന്നും ഭൗതികശരീരം അടുത്തതായി എത്തിക്കുന്ന കർബലയും ഷിയാ മുസ്‌ലിംകളുടെ മറ്റൊരു പ്രധാന പുണ്യകേന്ദ്രമാണ്. അവിടെ ഇമാം ഹുസൈൻ മസ്ജിദിൽ വെച്ച് ഇറാഖിലെ പരമോന്നത ഷിയാ മതനേതാവിന്റെ പ്രതിനിധിയായ അബ്ദുൽ മഹ്ദി അൽ-കർബലായ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.


ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ ആയത്തുള്ള മുജ്തബ ഖമ്നേയി ഇതുവരെ സംസ്‌കാര ചടങ്ങുകളിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നതായും നിലവിൽ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം രഹസ്യകേന്ദ്രത്തിൽ കഴിയുകയാണെന്നുമാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കടുത്ത സാഹചര്യത്തിലും ഖമ്നേയിയുടെ വിലാപയാത്ര ചടങ്ങുകൾ വിവിധ നഗരങ്ങളിലായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home