ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അമേരിക്കയിൽ ഇന്ത്യൻ എൻജിനീയർ അറസ്റ്റിൽ

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അവിനാഷ് നാർനെ | Image Courtesy - Screengrab from @M9USA_
വാഷിംഗ്ടൺ : അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ എഞ്ചിനീയറെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറുമായ മുപ്പതുവയസുകാരനായ അവിനാഷ് നാർനെയാണ് അറസ്റ്റിലായത്. വാഷിംഗ്ടണിലെ അപ്പാർട്ട്‌മെന്റിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി ഒൻപത് മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം കൊലപാതക വിവരം മറച്ചുവെക്കാൻ ഇയാൾ ക്രൈം സീൻ കൃത്രിമമായി നിർമ്മിക്കുകയായിരുന്നുവെന്ന് പൊലീസ് ആരോപിച്ചു.
2025 ഒക്ടോബറിലാണ് അവിനാഷിന്റെ ഭാര്യയായ രാജിത സബ്ബിനേനി മരിച്ചത്. ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായുള്ള രഹസ്യ പ്രണയബന്ധം തുടരുന്നതിനായി അവിനാഷ് ആസൂത്രിതമായി നടത്തിയതാണ് ഈ കൊലപാതകമെന്ന് മാസങ്ങൾ നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തി. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം അവിനാഷ് തന്റെ കാമുകിക്ക് അയച്ചുകൊടുത്തതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ ഏകദേശം 48 കോടി രൂപ ജാമ്യതുകയിൽ കസ്റ്റഡിയിൽ കഴിയുന്ന അവിനാഷിന് കുറ്റം തെളിയിക്കപ്പെട്ടാൽ വാഷിംഗ്ടൺ സംസ്ഥാന നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം.
കഴിഞ്ഞ ഒക്ടോബർ അവസാന വാരം രാത്രിയിൽ തന്റെ ഭാര്യ ബാത്റൂമിൽ കയറി വാതിലടച്ചെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും കാണിച്ച് അവിനാഷ് ബെല്ലെവൂ പൊലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രാജിതയെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുൻപായിരുന്നു ഈ സംഭവം.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസം മുട്ടിയതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നും ഇത് ഒരു കൊലപാതകമാണെന്നും വ്യക്തമായത്. താൻ പുറത്തുപോയി 40 മിനിറ്റുകൾക്ക് ശേഷം തിരികെ വന്നപ്പോഴാണ് ഭാര്യയെ ബാത്റൂമിൽ കാണാതയതെന്നായിരുന്നു അവിനാഷിന്റെ വാദം. എന്നാൽ അപ്പാർട്ട്മെന്റിലെ സ്മാർട്ട്-ലോക്ക് സംവിധാനവും മുൻവാതിലിലെ സുരക്ഷാ രേഖകളും പൊലീസ് പരിശോധിച്ചു. അവിനാഷ് പുറത്തുപോയ സമയത്ത് മറ്റ് ആരും വീടിനുള്ളിൽ പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. ഇതോടെ അപരിചിതർ ആരെങ്കിലും അതിക്രമിച്ചു കയറി കൊലപ്പെടുത്തിയതാകാം എന്ന വാദം പൊളിഞ്ഞു.
രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ അവിനാഷിന് മറ്റൊരു യുവതിയുമായി പ്രണയബന്ധമുണ്ടായിരുന്നു. ഈ യുവതി ഇവരുടെ വിവാഹച്ചടങ്ങിലും പങ്കെടുത്തിരുന്നു. വിവാഹശേഷവും അവിനാഷ് ഈ ബന്ധം തുടർന്നു. രാജിത മരിച്ച ദിവസം താൻ ബാത്റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞ അതേ സമയത്തടക്കം നാല് തവണ അവിനാഷ് ഈ യുവതിയെ ഫോണിൽ വിളിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ പിറ്റേന്ന് രാജിതയുടെ മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതായും ചോദ്യം ചെയ്യലിൽ അവിനാഷ് സമ്മതിച്ചു.
മരണത്തിന് മുൻപുള്ള ആഴ്ചകളിൽ രാജിതയും അവിനാഷും തമ്മിൽ അയച്ച സന്ദേശങ്ങളും പോലീസ് കണ്ടെടുത്തു. ഭർത്താവ് തയ്യാറാക്കി നൽകുന്ന പാനീയങ്ങൾക്ക് അസ്വാഭാവികമായ കയ്പ്പുണ്ടെന്ന് രാജിത സന്ദേശങ്ങളിലൂടെ ആവർത്തിച്ച് പരാതിപ്പെട്ടിരുന്നു. മരണപ്പെട്ട ദിവസം അവിനാഷ് ഉണ്ടാക്കി നൽകിയ സ്മൂത്തിക്ക് മരുന്നിന്റെയും കഫ് സിറപ്പിന്റെയും രുചിയാണുള്ളതെന്ന് രാജിത പറഞ്ഞിരുന്നതായും തെളിവുകളുണ്ട്.
എട്ട് മാസത്തോളം നീണ്ട ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കലിനും ശേഷം ജൂലൈ ഒന്നിനാണ് പ്രാദേശിക കോടതി അവിനാഷിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.










0 comments