റീൽസ് എടുക്കുന്നതിന് അമ്മ ശകാരിച്ചു; പെൺകുട്ടി കനാലിൽ ചാടി ജീവനൊടുക്കി

ലഖ്നൗ: സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിച്ചതിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് പെൺകുട്ടി കനാലിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. ലെവ മോഡ് ഗ്രാമത്തിലെ താമസക്കാരിയാണ് മരിച്ച പെൺകുട്ടി. ഗോധാന ഗ്രാമത്തിനടുത്തുള്ള കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം, സോഷ്യൽ മീഡിയ റീലുകളെടുക്കുന്നത് നിർത്തണമെന്നും ഉപയോഗം കുറയ്ക്കണമെന്നും പെൺകുട്ടിയോട് അമ്മ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് വഴക്കുണ്ടാകുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് പെൺകുട്ടി കനാലിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച രാവിലെ ഗോധാനയിലെ പാലത്തിന് സമീപം മൃതദേഹം പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ പൊലാസിൽ വിവരമറിയിച്ചു. അലിനഗർ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











0 comments