ഇസ്രയേൽ-അമേരിക്കൻ ആക്രമണം: വിങ്ങലായി കുരുന്നുകളുടെ കൂട്ടസംസ്കാരം; സങ്കടക്കടലായി മിനാബ്

തെഹ്റാൻ: ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഇറാനിലെ മിനാബ് നഗരത്തിൽ നിന്നുള്ള ആ ദൃശ്യങ്ങൾ പുറത്തുവന്നത്. സ്വപ്നങ്ങളും നിഷ്കളങ്കതയും ബാക്കിയാക്കി, ജീവിതം എന്തെന്നറിയും മുമ്പേ പൊലിഞ്ഞുപോയ കുരുന്നു ജീവനുകൾ ലോക മനസാക്ഷിയെ നടുക്കുന്നതായിരുന്നു. മിനാബിലെ പെൺപള്ളിക്കൂടത്തിന് നേരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആസൂത്രിത ആക്രമണത്തിൽ 165 വിദ്യാർഥികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഈ പിഞ്ചുദേഹങ്ങൾ ഒന്നിച്ച് അടക്കം ചെയ്യാൻ തയാറാക്കിയ കൂട്ടക്കുഴികളുടെ ദൃശ്യങ്ങൾ, ഈ യുദ്ധ കാലത്തെ ഏറ്റവും ഭയാനകമായ കാഴ്ചയായി മാറി.
"160ലധികം നിരപരാധികളായ പെൺകുട്ടികൾക്കായി കുഴിച്ചെടുക്കുന്ന ശവക്കുഴികളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിക്കപ്പെട്ടു" - കുഴിമാടങ്ങളുടെ ചിത്രം പങ്കുവച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു.
ശനിയാഴ്ച ഇറാനിൽ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് സ്കൂൾ കെട്ടിടത്തിനുള്ളിലെ കുഞ്ഞുങ്ങളും ജീവനക്കാരും കൊല്ലപ്പെട്ടത്. യുനെസ്കോയും നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് അവർ ഓർമപ്പെടുത്തി.
ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, ഗാസയിലെ മുൻകാല അനുഭവങ്ങൾ ആഗോള ജനതയ്ക്ക് മുന്നിലുണ്ട്. സാധാരണ ജനങ്ങളെ കൊന്നൊടുക്കിയാൽ ആദ്യം ഉത്തരവാദിത്തം നിഷേധിക്കുകയും പിന്നീട് തെളിവുകൾ വരുമ്പോൾ അത് "അബദ്ധം" എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇസ്രയേലിന്റെ പതിവുശൈലിയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേലും അമേരിക്കയും ജനവാസ കേന്ദ്രങ്ങളിൽ വിവേചനരഹിതമായ ആക്രമണം നടത്തുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് ആരോപിച്ചു. ആശുപത്രികൾ, സ്കൂളുകൾ, റെഡ് ക്രസന്റ് കേന്ദ്രങ്ങൾ, സാംസ്കാരിക സ്മാരകങ്ങൾ എന്നിവയെപ്പോലും സൈന്യം ലക്ഷ്യം വയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.









0 comments