ad
Deshabhimani

print edition ബെയ്റൂത്തിനെ ആക്രമിക്കുമെന്ന്‌ ഇസ്രയേൽ ഭീഷണി; ചർച്ച നിർത്തി ഇറാൻ

US Iran
വെബ് ഡെസ്ക്

Published on Jun 03, 2026, 12:00 AM | 1 min read

തെഹ്‌റാൻ : യുഎസ്‌ –ഇറാൻ സമാധാനശ്രമങ്ങൾക്ക്‌ വിലങ്ങുതടിയായി ഇസ്രയേലിന്റെ ഇടപെടൽ വീണ്ടും. ലെബനൻ തലസ്ഥാനമായ ബെയ്റൂത്ത്‌ ബോംബിട്ട് തകർക്കുമെന്ന ഇസ്രയേലിന്റെ ഭീഷണിയെത്തുടർന്ന് മധ്യസ്ഥരുമായി അടക്കമുള്ള എല്ലാവിധ ചർച്ചകളും ഇറാൻ നിർത്തിവച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ രൂക്ഷമായ ആക്രമണം തുടരവേയാണ്‌ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകളും സന്ദേശ കൈമാറ്റവും പൂർണമായി നിർത്തിവച്ചതായാണ്‌ റിപ്പോർട്ട്‌.


ലെബനനിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കാതെ അമേരിക്കയുമായി ഒരുവിധ ആശയവിനിമയത്തിനും തയ്യാറല്ലെന്ന് ഇറാൻ മധ്യസ്ഥരെ അറിയിച്ചിരുന്നു. ഇതേതുടർന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ലെബനനിൽനിന്ന്‌ സൈന്യത്തെ പിൻവലിക്കണമെന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടു. പിന്നാലെ ലെബനനിലേക്ക് നടത്താനിരുന്ന വൻ സൈനിക നീക്കം ഇസ്രയേൽ താൽക്കാലികമായി റദ്ദാക്കി. വെടിനിർത്തലിന്‌ ഇസ്രയേലും ഹിസ്‌ബുള്ളയും സമ്മതിച്ചതായും ട്രംപ്‌ അവകാശപ്പെട്ടു. ഇതിനുശേഷവും ഇസ്രയേൽ ആക്രമണം തടരുന്ന സാഹചര്യത്തിലാണ്‌ ഇറാൻ കടുത്ത നിലപാടിലേക്ക്‌ നീങ്ങിയത്‌. ഹോർമുസ് കടലിടുക്ക് പൂർണമായി തടയുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.


ഇസ്രയേലും ലെബനനും തമ്മിലുള്ള നാലാംഘട്ട ചർച്ച വാഷിങ്‌ടൺ ഡിസിയിൽ തുടരവേയാണ്‌ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷമാക്കിയത്‌. ലെബനനിലെ ഇസ്രയേൽ വെടിനിർത്തൽകൂടി കരാറിൽ ഉൾപ്പെടുത്തിയാൽ മാത്രമേ തങ്ങൾ സമാധാന ചർച്ചകളിൽ പങ്കെടുക്കൂ എന്നാണ് ഇറാന്റെ നിലപാട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home