ad
Deshabhimani

കലാപ ശ്രമം;രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇറാൻ തൂക്കിലേറ്റി

execution
വെബ് ഡെസ്ക്

Published on Jul 14, 2026, 03:32 PM | 1 min read

ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സായുധ കലാപത്തിന് മുതിർന്നതായുള്ള കേസിൽ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കി. മൊഹിയുദ്ദീൻ അബ്ദുള്ളാഹി, ഹൊസൈൻ പലാനി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.


ഇറാഖിലെയും സിറിയയിലെയും ഐ.എസിന്റെ പതനത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഒരു പ്രത്യേക ഭീകരവാദ സെല്ലിലെ അംഗങ്ങളായിരുന്നു ഇരുവരും. ഇറാനകത്ത് വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ടുകൾ പറയുന്നു.


മലനിരകളിൽ ഒളിത്താവളം

ഇറാഖ് അതിർത്തിയോട് ചേർന്നുള്ള ബാമോ മലനിരകളിൽ ഭീകരവാദ സംഘം ഒളിച്ചുതാമസിക്കുന്നതായി ഇറാൻ സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ആക്രമണ പദ്ധതികൾ നടപ്പാക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ സേന ഇവിടെ എത്തി ഈ ഭീകരവാദ സെല്ലിന്റെ ഒളിത്താവളം തകർത്തു. ഓപ്പറേഷനിടെ നിരവധി ഭീകരരെ വധിക്കുകയും മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് സൈനിക ഉപകരണങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഭീകരരുമായുള്ള ഈ കടുത്ത ഏറ്റുമുട്ടലിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു.


രാജ്യത്തിനെതിരെ സായുധ കലാപം നടത്തിയെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇവർക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചതിന് തൊട്ടുപിന്നാലെയാണ് തൂക്കിലേറ്റിയത്. വധശിക്ഷ എവിടെ വെച്ചാണ് നടപ്പാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home