ad
Deshabhimani

യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം: സമാധാനത്തിനായി മൂന്ന് നിബന്ധനകൾ വെച്ച് ഇറാൻ

paramedic lebanon

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലെബനീസ് പാരാമെഡിക് യൂസഫ് അസാഫിന്റെ വിലാപയാത്രയിൽ നിന്ന്

വെബ് ഡെസ്ക്

Published on Mar 12, 2026, 06:31 AM | 1 min read

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ഭീകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാഖിലെ എണ്ണ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ മേഖലയിലുടനീളം സംഘർഷം കടുക്കുന്നു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലും തെക്കൻ ലബനനിലും ഇസ്രയേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം തുടരുമ്പോൾ, ഗൾഫ് മേഖലയിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണികളെയും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തുകയാണ്.


ഈ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ഉപാധികൾ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നോട്ടുവെച്ചിരിക്കുകയാണ്.

  1. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക.

  2. യുദ്ധനഷ്ടപരിഹാരം നൽകുക.

  3. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഉറപ്പ് നൽകുക.



Live Updates
4 months agoMar 12, 2026 02:12 PM IST

ഇറാഖിലെ ഓയിൽ ടെർമിനലുകൾ പൂട്ടി


ബാഗ്ദാദ്: എണ്ണക്കപ്പലുകൾക്ക് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം ഉണ്ടായതിനെത്തുടർന്ന് ഇറാഖ് തങ്ങളുടെ ഓയിൽ ടെർമിനലുകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു. ബസ്ര പ്രവിശ്യയിലെ ഉമ്മു ഖസർ തുറമുഖത്ത് നിന്ന് എണ്ണ കയറ്റിയ രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

4 months agoMar 12, 2026 01:54 PM IST

ഇറാനുവേണ്ടി ചാരപ്രവർത്തനം; നാല് ബഹ്‌റൈൻ പൗരന്മാരെ അറസ്റ്റ് ചെയ്തു


മനാമ: ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ട നാല് ബഹ്‌റൈൻ സ്വദേശികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

22 മുതൽ 36 വയസ്സ് വരെ പ്രായമുള്ളവരാണ് പിടിയിലായത്. ഈ സംഘത്തിൽ ഉൾപ്പെട്ട 25 വയസ്സുള്ള മറ്റൊരു വ്യക്തി വിദേശത്തേക്ക് കടന്നതായും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

4 months agoMar 12, 2026 01:44 PM IST

ഇറാഖിലെ പാരാമിലിട്ടറി ക്യാമ്പിന് നേരെ ആക്രമണം; മരണസംഖ്യ 10 ആയി


അൽ-ഖൈം: പടിഞ്ഞാറൻ ഇറാഖിലെ അൽ-ഖൈമിലുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ ആസ്ഥാനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി എന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

4 months agoMar 12, 2026 01:18 PM IST

ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷം കുട്ടികളുടെ ജീവിതം കടുത്ത മാനുഷിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യൂണിസെഫ്. ഫെബ്രുവരി അവസാന വാരം യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 1,100-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അക്രമസംഭവങ്ങൾ മേഖലയിലെ രാജ്യങ്ങളിലെ നിരവധി കുട്ടികളുടെ ജീവിതത്തിൽ വിനാശകരമായ ആഘാതമാണ് ഉണ്ടാക്കുന്നത്.

4 months agoMar 12, 2026 12:18 PM IST

ഇറാഖിലെ പാരാമിലിട്ടറി ക്യാമ്പിന് നേരെ വ്യോമാക്രമണം: മൂന്ന് മരണം


അൽ-ഖൈം: പടിഞ്ഞാറൻ ഇറാഖിലെ അൽ-ഖൈം പട്ടണത്തിലുള്ള പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റതായും അൽ ജസീറ അറബിക് റിപ്പോർട്ട് ചെയ്തു. ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ഹാഷിദ് അൽ-ഷാബി എന്നും അറിയപ്പെടുന്ന പിഎംഎഫ്. അമേരിക്കൻ അധിനിവേശകാലത്ത് രൂപീകരിക്കപ്പെട്ട ഈ ഗ്രൂപ്പുകൾ ഇപ്പോൾ ഇറാഖ് ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമാണ്.

4 months agoMar 12, 2026 12:11 PM IST

ഡ്രോണുകളെ തകർത്ത് കുവൈത്ത്; രാജ്യത്തിന്റെ വടക്കൻ മേഖലയിൽ കടുത്ത ജാഗ്രത


രാജ്യത്തിന്റെ വടക്കൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ നിരവധി ശത്രു ഡ്രോണുകളെ കുവൈറ്റ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം.

4 months agoMar 12, 2026 12:09 PM IST

ബെയ്‌റൂട്ട് തീരത്ത് ഇസ്രയേൽ ആക്രമണം: 8 മരണം, 31 പേർക്ക് പരിക്ക്


ബെയ്‌റൂട്ടിലെ റംലറ്റ് അൽ-ബൈദ തീരദേശത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. 31 പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലായനം ചെയ്ത ആളുകളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

4 months agoMar 12, 2026 12:04 PM IST

ഇറാനിലെ എംബസി താൽക്കാലികമായി പൂട്ടി സ്വിറ്റ്‌സർലൻഡ്


പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഇറാനിലെ തങ്ങളുടെ എംബസി താൽക്കാലികമായി പൂട്ടുന്നതായി സ്വിറ്റ്സർലൻഡ് അറിയിച്ചു. വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് നടപടിയെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

4 months agoMar 12, 2026 12:02 PM IST

ബഹ്‌റൈനിൽ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം


ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിലെ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാന്റെ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തവും പുകയും കണക്കിലെടുത്ത് ഹിദ്ദ്, അറാദ്, ഖലാലി, സമഹീജ് പ്രദേശങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ജനാലകളും വെന്റിലേഷൻ സംവിധാനങ്ങളും അടച്ചിടണമെന്നും മുൻകരുതൽ നിർദ്ദേശത്തിൽ പറയുന്നു.

4 months agoMar 12, 2026 11:53 AM IST

ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം. പ്രതിരോധ സംവിധാനങ്ങൾ വഴി മിസൈലുകൾ തടയാനുള്ള ശ്രമം തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

4 months agoMar 12, 2026 10:58 AM IST

ഒമാൻ സലാല തുറമുഖത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം; ഖത്തർ അപലപിച്ചു


ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അപകടകരമായ പ്രകോപനവുമാണ് ഇതെന്ന് ഖത്തർ പ്രസ്താവനയിൽ പറഞ്ഞു.


മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഒമാന്റെ പങ്കിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നും ഖത്തർ കൂട്ടിച്ചേർത്തു. ഒമാന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

4 months agoMar 12, 2026 10:16 AM IST

യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാഖി സായുധ സംഘടന


ഇറാഖിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഏഴോളം ആക്രമണങ്ങൾ നടത്തിയതായി ഇറാഖി സായുധ സംഘടനയായ 'സരായ ഔലിയ അൽ-ദം' അറിയിച്ചു. വിവിധ പ്രവിശ്യകളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.


മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെയാണ് യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം. നാശനഷ്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

4 months agoMar 12, 2026 09:35 AM IST

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ലെബനീസ് പാരാമെഡിക് യൂസഫ് അസാഫിന്റെ വിലാപയാത്രയിൽ നിന്ന്.

israel attacks lebanon

israel attacks lebanon

4 months agoMar 12, 2026 09:34 AM IST

ഇസ്രയേൽ ആക്രമണം; രക്ഷാപ്രവർത്തനത്തിനിടെ ലെബനീസ് പാരാമെഡിക് കൊല്ലപ്പെട്ടു


ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ആംബുലൻസുമായി പോകുന്നതിനിടെ ലെബനീസ് റെഡ് ക്രോസ് പാരാമെഡിക് യൂസഫ് അസാഫ് കൊല്ലപ്പെട്ടു. മജ്ദൽ സൗണിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബറിന് ശേഷം കൊല്ലപ്പെടുന്ന ആദ്യ റെഡ് ക്രോസ് പ്രവർത്തകനാണദ്ദേഹം.

4 months agoMar 12, 2026 09:20 AM IST

ഇറാൻ തകരുകയാണെന്നും യുദ്ധരംഗത്ത് നിന്ന് ശുഭവാർത്തകളാണ് വരുന്നതെന്നും ട്രംപ്.


ട്രംപിന്റെ മറ്റു പ്രധാന പ്രസ്താവനകൾ:


ഇറാന്റെ നാവികസേനയും വ്യോമസേനയും തകർന്നു. അവർക്ക് ഇപ്പോൾ പ്രതിരോധ സംവിധാനങ്ങളില്ല. യുഎസ് സേന ആ രാജ്യത്തിന് മുകളിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്.


ഹോർമുസ് കടലിടുക്കിൽ ഞങ്ങൾ ശക്തമായ നിരീക്ഷണം നടത്തും. നിലവിൽ അവിടെ പ്രശ്നങ്ങളൊന്നുമില്ല.


ഇറാന്റെ വൈദ്യുതി ബന്ധം വെറും ഒരു മണിക്കൂർ കൊണ്ട് തകർക്കാൻ യുഎസിന് സാധിക്കും. അങ്ങനെ ചെയ്താൽ അത് പുനഃസ്ഥാപിക്കാൻ അവർക്ക് 25 വർഷം വേണ്ടിവരും. അത്തരമൊരു കടുത്ത നടപടിയിലേക്ക് പോകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല.


മിക്കവാറും യുദ്ധം ജയിച്ചുകഴിഞ്ഞു. ഇനി എപ്പോൾ നിർത്തണം എന്നത് മാത്രമാണ് ചോദ്യം.

4 months agoMar 12, 2026 09:20 AM IST

സൗദി അറേബ്യയിലെ ഷെയ്ബ ഓയിൽഫീൽഡിന് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾ സൗദി പ്രതിരോധ മന്ത്രാലയം തകർത്തു. കിഴക്കൻ മേഖലയിൽ 18 ഡ്രോണുകൾ വെടിവെച്ചിട്ടതിന് പിന്നാലെയാണ് മൂന്ന് ഡ്രോണുകൾ കൂടി പ്രതിരോധ സേന തകർത്തത്.

4 months agoMar 12, 2026 09:18 AM IST

ഇറാഖ് സമുദ്രപരിധിയിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ. രണ്ട് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. കടലിൽ ആളിപ്പടരുന്ന അഗ്നിനാളങ്ങളിൽ കപ്പലുകൾ പൂർണ്ണമായും അകപ്പെട്ട നിലയിലാണ്.



4 months agoMar 12, 2026 07:52 AM IST

ദുബായിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണു


ദുബായ്: ദുബായിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണുണ്ടായ തീപിടുത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. ഡ്രോൺ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തം ഉണ്ടായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.


ഉടൻ തന്നെ സ്ഥലത്തെത്തിയ എമർജൻസി വിഭാഗം തീ പൂർണ്ണമായും അണച്ചതായും ആളപായമോ മറ്റ് ഗുരുതരമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

4 months agoMar 12, 2026 06:37 AM IST

ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഇന്ധന സംഭരണ ശാലയ്ക്ക് നേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

4 months agoMar 12, 2026 06:36 AM IST

മിസൈലുകളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ


കുവൈറ്റ്, ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളുടെ സഹായത്തോടെ തകർത്തു. സൗദി അറേബ്യ മാത്രം 18 ഡ്രോണുകളെയാണ് ആകാശത്തുവെച്ച് വെടിവെച്ചിട്ടത്.

4 months agoMar 12, 2026 06:35 AM IST

ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം: ആകെ മരണം 634


ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ സർവ്വ സീമകളും ലംഘിക്കുകയാണ്. ബെയ്റൂട്ട് തീരത്തുള്ള റംലത്ത് അൽ-ബൈദയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത ലക്ഷക്കണക്കിന് ആളുകൾ അഭയം പ്രാപിച്ചിരുന്ന മേഖലയാണിത്. ഫെബ്രുവരി 28 മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 634 ആയി. ഏതാണ്ട് ഏഴര ലക്ഷത്തിലധികം ആളുകൾ ഇസ്രയേൽ ഭയന്ന് വീടുപേക്ഷിച്ച് പോയി.

4 months agoMar 12, 2026 06:22 AM IST

എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം


ഇറാഖിലെ അൽ-ഫൗ തുറമുഖത്ത് രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ടുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു കപ്പൽ ജീവനക്കാരൻ കൊല്ലപ്പെടുകയും കപ്പലുകൾക്ക് തീപിടിക്കുകയും ചെയ്തു.


ഇറാഖിന്റെ പരമാധികാരത്തിന് മേലുള്ള ലംഘനമാണിതെന്ന് ഇറാഖ് സൈന്യം പ്രതികരിച്ചു. ഇതിനുപുറമെ ഹോർമുസ് കടലിടുക്കിൽ തായ്‌ലൻഡ് കപ്പലിന് നേരെയും ഒമാനിലെ സലാല തുറമുഖത്തെ ഇന്ധന ടാങ്കുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home