'ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു വിലയുമില്ല' ! ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കും

Image Credit : Wikipedia
ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏതൊരു കപ്പലിനെയും 'ശത്രുപക്ഷമായി' കണക്കാക്കി ആക്രമിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കർശന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകി ഒരു ദിവസം പിന്നിടുമ്പോഴാണ് ശനിയാഴ്ച വീണ്ടും കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്.
കടലിടുക്ക് അടച്ച സാഹചര്യത്തിൽ കപ്പലുകൾ നിലവിലുള്ള ഇടങ്ങളിൽ തന്നെ തുടരണമെന്ന് ഇറാൻ നാവികസേന ഉത്തരവിട്ടു. കപ്പലുകൾ പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ തന്നെ നങ്കൂരമിടണം. കടലിടുക്കിലേക്ക് പ്രവേശിക്കുന്നത് ശത്രുവിനോടുള്ള സഹകരണമായി കണക്കാക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് യാതൊരു വിലയുമില്ലെന്നും ഐആർജിസിയുടെ ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ഇറാൻ കപ്പലുടമകളോട് നിർദ്ദേശിച്ചു. ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ യുഎസ് ഗവൺമെന്റ് പരാജയപ്പെട്ടതിനാലാണ് കടലിടുക്ക് വീണ്ടും അടയ്ക്കാൻ തീരുമാനിച്ചതെന്ന് ഇറാൻ വ്യക്തമാക്കി.
ബുധനാഴ്ച അവസാനിക്കാനിരിക്കുന്ന വെടിനിർത്തൽ കരാർ അസ്ഥിരമായി തുടരുന്നത് മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ആഗോള വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയത്തിലേക്കും യുദ്ധഭീതിയിലേക്കും നീങ്ങുന്നതിന്റെ സൂചനയായാണ് ഇറാന്റെ ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.










0 comments