ഒരു എഫ്-35 വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ; നിഷേധിച്ച് യുഎസ്

ഇറാന്‍ വെടിവെച്ചിട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, സെൻട്രൽ ഇറാന് മുകളിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) സ്റ്റെൽത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. വെടിവെച്ചിട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ എന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ ഇറാന്റെ തസ്നിം വാർത്താ ഏജൻസി പുറത്തുവിട്ടു.
വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ എഫ്-35 വിമാനമാണ് തങ്ങൾ തകർത്തതെന്നാണ് ഇറാന്റെ വാദം.ഇറാന്റെ തസ്നിം വാർത്താ ഏജൻസി നൽകുന്ന വിവരങ്ങൾ പ്രകാരം, വെള്ളിയാഴ്ച സെൻട്രൽ ഇറാന്റെ ആകാശപരിധിയിൽ വെച്ചാണ് രണ്ടാമത്തെ എഫ്-35 യുദ്ധവിമാനം ഐആർജിസി തകർത്തത്. തകർന്നു വീണ വിമാനം ലേക്കൻഹീത്ത് സ്ക്വാഡ്രണിന്റേതാണെന്നും ഇറാൻ അവകാശപ്പെടുന്നു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച വിമാനം ആക്രമണത്തിലൂടെ പൂർണ്ണമായും നശിപ്പിച്ചുവെന്നാണ് ഐആർജിസി വ്യക്തമാക്കുന്നത്.
ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ ഇത്തരത്തിൽ അവകാശവാദമുന്നയിക്കുന്ന മൂന്നാമത്തെ വിമാനമാണിത്. ഏപ്രിൽ 2-നും മാർച്ച് 23-നും എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, യുഎസ് സെൻട്രൽ കമാൻഡ് ഈ അവകാശവാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.










0 comments