രാത്രി പകലായ 151 കിലോമീറ്റർ; സമരനായകനായി കേരളം ഉറങ്ങാതിരുന്നു

തിരുവനന്തപുരം: പാതിരാകഴിഞ്ഞിട്ടും പാതയോരങ്ങളിൽ ഉണ്ണാതെ ഉറങ്ങാതെ കാത്തുനിന്നത് പതിനായിരങ്ങൾ. കാത്തിരിപ്പിന്റെ മണിക്കൂറുകൾ പലത് പിന്നിട്ടിട്ടും എത്ര വൈകിയാലും ഒരു നോക്ക് കണ്ടേ പോകൂ എന്ന നിശ്ചയദാർഢ്യം ഓരോ മുഖത്തും. കോരിച്ചൊരിയുന്ന മഴയിലും നനഞ്ഞൊട്ടി, ഹൃദയം നുറുങ്ങി, ഒരു നൂറ്റാണ്ടുനീണ്ട സമരജീവിതത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ തലമുറ വ്യതാസമില്ലാതെ ജനത ഒഴുകിയെത്തി. വാനിലേക്കുയർത്തിച്ചുരുട്ടിയ മുഷ്ടികളിൽ വികാരവും ഓർമയും നിറച്ച് അവർ വിളിച്ചു, ‘‘കണ്ണേ, കരളേ, വീയെസ്സേ...’’
തിരുവനന്തപുരം സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട് തലസ്ഥാനം നൽകിയ യാത്രയപ്പുകഴിഞ്ഞ് ജന്മനാട്ടിലേക്ക് വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്ര നൽകാൻ അന്ന് കേരളം ഉറങ്ങാതിരുന്നു. ജൂലൈ 22ന് ഉച്ചയ്‌ക്ക് 2.20ന് തുടങ്ങി 150 കിലോമീറ്റർ പിന്നിട്ട് ബുധൻ പകൽ 12.20ന് പുന്നപ്ര പറവൂർവടക്ക് വേലിക്കകത്ത് വീട്ടിൽ അവസാനിക്കുമ്പോൾ 22 മണിക്കൂർ കഴിഞ്ഞിരുന്നു. മഴയിലും കുതിരാത്ത ആവേശത്തിന്റെ അലകൾ, സമരകേരളത്തിന്റെ പോരാളിക്ക് യാത്രാമൊഴികളായി.
സെക്രട്ടറിയറ്റിൽനിന്ന് പുറപ്പെട്ട വിലാപയാത്ര കാര്യവട്ടംവരെയുള്ള 12 കിലോമീറ്റർ താണ്ടാൻ അഞ്ച് മണിക്കൂറെടുത്തു. വിലാപയാത്ര കാര്യവട്ടം ക്യാമ്പസിന് മുന്നിൽ എത്തുംമുമ്പെ ഇരുട്ടു പരന്നിരുന്നു. കഴക്കൂട്ടത്ത് കാത്തുനിന്നിരുന്ന ജനസമുദ്രത്തയും കടന്ന് എട്ടേ മുക്കാലോടെ മംഗലാപുരത്ത് എത്തുമ്പോഴേക്കും മഴയെത്തി. കിലോമീറ്ററുകൾ താണ്ടി വിഎസിനെ ഒരുനോക്ക് കാണാൻ വിവിധ ഇടങ്ങളിൽ കാത്തുനിന്നവർ ഓരോ നമിഷം കഴിയുന്തോറും പാതയരികിൽ സ്വയമൊരു മനുഷ്യമതിലായി.
ആൾക്കൂട്ടം കാഴ്ച മറച്ചപ്പോൾ വാഹനത്തിനുപിന്നാലെ കരഞ്ഞുവിളിച്ചോടിയവർ ഒന്നും രണ്ടുമല്ല. അവരുടെനിര തിരുവനന്തപുരംമുതൽ ആലപ്പുഴവരെ നീണ്ടു. ‘ആശുപത്രിയിൽനിന്ന് വരുവാ മോനെ, പെട്ടെന്ന് ഒന്ന് കണ്ടോട്ടെ’ എന്ന് പൊലീസിനുമുന്നിൽ കരഞ്ഞ അമ്മയുടെ ചിത്രം ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടു.
കനലെരിയും നെഞ്ചുമായി ജനത സാഗരംതീർത്തു. ജീവനുള്ളിടത്തോളം മറക്കില്ലെന്ന് വിങ്ങിപ്പറഞ്ഞു. വണ്ടാനത്തുനിന്ന് പറവൂർ വടക്ക് വേലിക്കകത്ത് വീട്ടിലേക്കുള്ള വഴിയിൽ വാഹനം ജനസാഗരത്തിനുമുന്നിൽ നിശ്‌ചലമായി. കേരളത്തിന്റെ സമരനേതൃത്വമായി, നാടിന്റെ നായകനായി ഹൃദയങ്ങളിലേക്ക് പടർന്ന പ്രിയപ്പെട്ടവന്റെ അവസാനകാഴ്ചയ്‌ക്കായി അവർ നെഞ്ചുലഞ്ഞുനിന്നു. ഇതിനുമുമ്പ് കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ജനസാഗരം തീർത്തതുമായ വിലാപയാത്ര കയ്യൂർ സമരസേനാനികൂടിയായ ഇ കെ നായനാരുടെ മൃതദേഹവും വഹിച്ച് കണ്ണൂരിലേക്കുള്ള പ്രയാണമായിരുന്നു. 21ന് വർഷത്തിനിപ്പുറം പുന്നപ്ര–-വയലാർ സമരനായകനായ വി എസ് അച്യുതാനന്ദനുള്ള യാത്രാമൊഴിയും മറ്റൊരു ചരിത്രമായി.










0 comments