ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയ്ക്ക് യാത്രാനുമതി നൽകി ഇറാൻ; അഞ്ച് രാജ്യങ്ങൾക്ക് ഇളവ്

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾ കടന്നുപോകാൻ ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ. ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് ഇറാൻ യാത്രാനുമതി നൽകിയത്.
ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.
നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ശത്രുരാജ്യങ്ങളുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് തടസ്സമില്ലാതെ ഈ പാത ഉപയോഗിക്കാം.
ഇന്ധന-വള സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാൻ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ഇറാന്റെ പുതിയ തീരുമാനം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും.
മേഖലയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇന്ത്യ. അതേസമയം, ഹോർമുസ് പാത പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments