ഹോളിവുഡ് താരം ഹെയ്ഡൻ പാനറ്റിയറുടെ മരണത്തിൽ ദുരൂഹതയില്ല; അന്വേഷണം അവസാനിപ്പിച്ച് പോലീസ്

വാഷിങ്‌ടൺ: ഹോളിവുഡ് നടി ഹെയ്ഡൻ പാനറ്റിയറുടെ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് നടത്തിവന്ന അന്വേഷണം അവസാനിപ്പിച്ചതായി പോലീസ് പ്രഖ്യാപിച്ചു. മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ടിന്റെയും പോലീസ് അന്വേഷണ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഗ്രീൻവില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ സാർജന്റ് ഡയാന മുനോസ് മാധ്യമങ്ങളെ അറിയിച്ചു.
'ഹീറോസ്', 'സ്ക്രീം 6' തുടങ്ങിയ ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയയായ പാനറ്റിയറെ ആഗസ്ത് 16നാണ് സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെയിലുള്ള എയർ ബിഎൻബി താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. 37-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ഈ വിയോഗം. സെപ്റ്റംബർ 22ന് ഗ്രീൻവില്ലെ കൗണ്ടി കൊറോണർ ഓഫീസ് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. ഫെന്റനൈൽ, 4-എഎൻപിപി, അൽപ്രാസോളാം, മെതോകാർബമോൾ, ക്വെറ്റിയാപൈൻ എന്നീ ലഹരി-മരുന്ന് പദാർത്ഥങ്ങളുടെ വിഷബാധയാണ് മരണകാരണമെന്ന് ടോക്സിക്കോളജി പരിശോധനയിൽ വ്യക്തമായി.
ടോക്സിക്കോളജി പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതിന് മുമ്പ്, സ്ഥിരീകരിക്കാത്ത പ്രചാരണങ്ങളിലും വാർത്തകളിലും വിശ്വസിക്കരുതെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും നടിയുടെ വക്താക്കൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. "പേരില്ലാത്ത ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പരവിരുദ്ധമായ വിവരങ്ങൾ പ്രചരിക്കാൻ കാരണമാകുന്നതുമാണ്," എന്നായിരുന്നു അന്ന് നടിയുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
മരണത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ മനസ്സിലാക്കാനും സത്യാവസ്ഥ അറിയാനും എല്ലാവർക്കും ആഗ്രഹമുണ്ടെങ്കിലും അന്വേഷണ പ്രക്രിയ പൂർത്തിയാകാൻ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും, ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾക്ക് അധികൃതരിൽ നിന്ന് വ്യക്തത വരുമെന്നും വക്താവ് കൂട്ടിച്ചേർത്തിരുന്നു.
നടി മരിച്ച ദിവസം അവരുടെ മുൻ പങ്കാളി ബ്രയാൻ ഹിക്കേഴ്സണും സഹോദരൻ സാക്കും അവിടെയുണ്ടായിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസുകളൊന്നും ചുമത്തിയിട്ടില്ല. കേസിൽ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പാനറ്റിയറുടെ മരണത്തിന് ഒമ്പത് ദിവസത്തിന് ശേഷം ഡിഇഎ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ അനധികൃത ലഹരിമരുന്നുകൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. കേസിൽ ഫെന്റനൈൽ സാന്നിധ്യം കണ്ടെത്തിയതാണ് അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയുടെ ഇടപെടലിലേക്ക് നയിച്ചത്.









0 comments