ad
Deshabhimani

നേപ്പാളിലെ മുൻ പ്രധാനമന്ത്രി കെ പി ഒലി ശർമ്മ അറസ്റ്റിൽ; നടപടി 'ജെൻ സി' പ്രക്ഷോഭത്തിലെ നരഹത്യയിൽ

Oli Sharma.jpg
വെബ് ഡെസ്ക്

Published on Mar 28, 2026, 08:23 AM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിനിടെയുണ്ടായ കൂട്ടക്കൊലകളിൽ പ്രതിക്കൂട്ടിലായ മുൻ പ്രധാനമന്ത്രി കെ പി ഒലി ശർമ്മയെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


പുതിയ പ്രധാനമന്ത്രിയായിബാലേന്ദ്ര ഷാ (ബാലെൻ ഷാ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ ക്രിമിനൽ അശ്രദ്ധ കാണിച്ചു എന്നും നരഹത്യയ്ക്ക് കൂട്ടുനിന്നു എന്നുമാണ് ഇവർക്കെതിരെയുള്ള കുറ്റം.


മുൻ സ്പെഷ്യൽ കോർട്ട് ചെയർമാൻ ഗൗരി ബഹാദൂർ കാർക്കി അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. കൊലപാതകം, ക്രിമിനൽ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രക്ഷോഭകാരികൾക്ക് നേരെ നാല് മണിക്കൂറോളം പൊലീസ് വെടിവെപ്പ് തുടർന്നിട്ടും അത് തടയാൻ അന്നത്തെ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇടപെട്ടില്ല.


ഉന്നതതലത്തിലുള്ള ഈ വീഴ്ചയാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായത്. കുറ്റം തെളിയുകയാണെങ്കിൽ ഇവർക്ക് 10 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2025 സെപ്റ്റംബറിൽ ഒലി സർക്കാർ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതിനെത്തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.


അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ ഇത് ഭരണവിരുദ്ധ പോരാട്ടമായി മാറി. പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 76 പേർ കൊല്ലപ്പെടുകയും ഒലി സർക്കാർ തകരുകയും ചെയ്തിരുന്നു. രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റെന്ന് ഒലി വിഭാഗം ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home