ad
Deshabhimani

print edition കടൽയുദ്ധം രൂക്ഷം: ഇറാനും അമേരിക്കയും നേർക്കുനേർ

Us Iran Tension
വെബ് ഡെസ്ക്

Published on Sep 10, 2026, 01:09 AM | 2 min read

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും നേർക്കുനേർ പോരാട്ടം തീവ്രമായതോടെ പശ്ചിമേഷ്യ സംഘർഷം കടുക്കുന്നു. വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായതോടെ, ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ തകർത്തതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന കിവിക്, ചാർമിനാർ, ഹൊറൈസൺ 1, റീസ്‌കോ എന്നീ കപ്പലുകളും ഹോർമുസ് കടലിടുക്കിലെ ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന ഡെര്യ എന്ന കപ്പലുമാണ് തകർത്തത്. അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച അമേരിക്കൻ ബന്ധമുള്ള എണ്ണക്കപ്പലുകളെ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പിന്നാലെ അറിയിച്ചു.ഹോർമുസിൽനിന്നും അമേരിക്കൻ സേനയുടെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു.


ആറുമീറ്ററോളംനീളമുള്ള അന്തർവാഹിനി കടലിനടിയിലെ നിരീക്ഷണത്തിനും മൈനുകൾ കണ്ടെത്താനും മറ്റുമാണ് ഉപയോഗിക്കുന്നത്. യുഎസ് കപ്പലുകൾ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന്‌ അമേരിക്കൻ വിദേശ സെക്രട്ടറി മാർക്കോ റൂബിയോ ഭീഷണിമുഴക്കി. ഹോർമുസ് കടലിടുക്കിൽ നിന്ന് തുടങ്ങി ഇറാന്റെ ചബഹാർ, ഒമാൻ ഉൾക്കടൽ, അറബിക്കടൽ വരെയുള്ള മേഖലയെ നിരോധിത പ്രദേശമായി പ്രഖ്യാപിക്കുമെന്നും ഈ വഴി കടന്നുപോകുന്ന കപ്പലുകൾക്ക്‌ ഉപരോധം ഏർപ്പെടുത്തുമെന്നും ഇറാൻ മുന്നറിയിപ്പ്‌ നൽകി. കുവൈത്ത്, ബഹ്‌റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണക്കപ്പലുകളിലെ ജീവനക്കാരോട് ഉടൻ തന്നെ കപ്പലുകളിൽ നിന്ന് പുറത്തുപോകാനും ആവശ്യപ്പെട്ടു. അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ജോർദാനിലേക്ക് ഇറാൻ 20 ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തില്ല. സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇറാന്റെ വ്യോമയാന മേഖലയ്ക്ക് നേരെയും അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇറാന്റെ ഇരുപത്തിയേഴ് വാണിജ്യ, സ്വകാര്യ എയർലൈനുകൾക്കും കാർഗോ സേവനദാതാക്കൾക്കുമാണ് വിലക്കേർപ്പെടുത്തിയത്.


കടലിലെതുടർച്ചയായ ആക്രമണങ്ങൾ മേഖലയെ ആശങ്കയിലാക്കി. എണ്ണക്കപ്പലുകൾ തകരുകയോ തീപിടിക്കുകയോ ചെയ്‌താൽ സമുദ്രജീവികൾക്കും തീരദേശത്തിനും ഇത് കടുത്ത ഭീഷണിയാകും. ഒമാൻ തീരത്ത് എണ്ണച്ചോർച്ചയുണ്ടായിട്ടുണ്ടെന്നും ഇത് അറേബ്യൻ ഉൾക്കടലിലെ അപൂർവ്വ ജീവജാലങ്ങൾക്കും പവിഴപ്പുറ്റുകൾക്കും ഭീഷണിയാണെന്നും പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ ഖത്തറും പാകിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്കായി ശ്രമിക്കുന്നുണ്ട്‌.


യമനിൽ സ‍ൗദി 
ആക്രമണം


യമനിലെ മരിബ്, അൽ-ജൗഫ്, തായിസ്, സാദ എന്നിവിടങ്ങളിൽ സൗദിസേന വ്യോമാക്രമണം നടത്തിയതായി ഹൂതികൾ. എന്നാൽ സൗദി ഇതിനോട്‌ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച തെക്കൻ സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 ഓളം പേർക്ക്‌ പരിക്കേൽക്കുകയും ഊർജ നിലയങ്ങൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ്‌ സ‍ൗദി ആക്രമണമെന്ന കരുതുന്നു.


വെസ്‌റ്റ്‌ ബാങ്കിൽ ആക്രമണം 
തുടരുന്നു


അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയും അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ നാല് പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഈ വർഷം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം നൂറായി. ഗാസയിലെ ആക്രമണങ്ങൾക്ക് പുറമെ വെസ്റ്റ് ബാങ്കിലെ നഗരങ്ങളിലും അഭയാർഥി ക്യാമ്പുകളിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home