'ലഹരി തടയാൻ എന്ത് ചെയ്തു?'; ചോദ്യം ചോദിച്ചതിന് പിന്നാലെ മരണം; പ്രതിരോധത്തിലായി പഞ്ചാബ് സർക്കാർ

സംഗ്രൂർ: പഞ്ചാബിൽ കർഷക തൊഴിലാളി ഗുൽസാർ സിങ് (53) ജീവനൊടുക്കിയ സംഭവം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ലഹരി തടയാൻ സർക്കാർ എന്താണ് ചെയ്യുന്നത്? എന്ന് ധനമന്ത്രിയോട് ചോദ്യം ചോദിച്ചതിനു പിന്നാലെയുണ്ടായ ഭീഷണിയും അപമാനവുമാണ് ഗുൽസാർ സിങ്ങിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു.
ഗുൽസാറിന്റെ മൂത്ത മകൻ ലഹരിക്ക് അടിമയായിരുന്നു. ഗ്രാമത്തിലെത്തിയ ധനമന്ത്രി ഹർപാൽ സിങ് ചീമയോട് ലഹരിവ്യാപനത്തിലെ ഇടപെടലിനെ കുറിച്ച് നേരിട്ട് ചോദിച്ച ഗുൽസാറിനെ, അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും മാപ്പുപറയാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വിഷം കഴിക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു.
സ്വന്തം മണ്ഡലത്തിലെത്തിയ മന്ത്രിയോട് ചെറുപ്പക്കാരെ ലഹരിയിൽനിന്ന് രക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ഗുൽസാറിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും മാപ്പുപറയാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിപരമായി അധിക്ഷേപിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് പോയ ഗുൽസാർ ഉച്ചയോടെ മടങ്ങിയെത്തുമ്പോഴേക്കും വിഷം കഴിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഗുൽസാറിന്റെ കുടുംബം ഏറെക്കാലമായി ലഹരിയുടെ ദുരിതം അനുഭവിക്കുകയാണ്. 26കാരനായ മൂത്തമകൻ രണ്ട് വർഷത്തോളമായി മയക്കുമരുന്നിന് അടിമയാണ്. ദിവസക്കൂലിക്ക് കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും ലഹരിക്കായി ചെലവഴിക്കുന്ന മകൻ, പണം കിട്ടാതെ വരുമ്പോൾ വീട്ടിലെ സാധനങ്ങൾ എടുത്തുവിൽക്കുന്നതും പതിവായിരുന്നു. സ്വർണ കമ്മൽ, അടുക്കളപ്പാത്രങ്ങൾ, പാചകവാതക സിലിണ്ടർ, ബക്കറ്റും മഗ്ഗും വരെ വിറ്റഴിച്ച മകൻ, ഒടുവിൽ ഗുൽസാർ വയലിൽ പണിയെടുത്ത് കൂലിയായി നേടി സൂക്ഷിച്ച ഗോതമ്പും പലപ്പോഴായി കൊണ്ടുപോയി വിറ്റു. ഇതോടെ വീട്ടിൽ ഒരു കിലോ ഗോതമ്പുപോലും ബാക്കിയില്ലാത്ത അവസ്ഥയായി. ഇതാണ് ഗുൽസാറിനെ മാനസികമായി തകർത്തത്.
ഗുൽസാറിന്റെ മരണത്തിന് പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൽജിന്ദർ കൗർ, ഭർത്താവ് ബൽജിത് സിങ്, പഞ്ചായത്ത് അംഗങ്ങളായ വിക്കി, ഗോണ സിങ്, ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുഖ്ദേവ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ നാലംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. കുടുംബത്തിന് സഹായമായി ഒരു സർക്കാർ ജോലിയും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം കുടുംബത്തിന്റെ അനുമതിയില്ലാതെ കനത്ത പൊലീസ് സന്നാഹത്തിൽ മൃതദേഹം സംസ്കരിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഗുൽസാറിന്റെ ലഹരിക്ക് അടിമയായ മകനെ സർക്കാരിന് അനുകൂലമായ നിലപാടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചുവെന്നും, പിന്നീട് ഇയാൾ കുടുംബത്തോടൊപ്പം ചേർന്ന് പിതാവിന് നീതി ആവശ്യപ്പെട്ടുവെന്നും ബന്ധുക്കൾ പറയുന്നു.
മരിക്കുന്നതിന് മുമ്പ് ഗുൽസാർ, തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികൾ മന്ത്രി ഹർപാൽ സിങ് ചീമയും ചില പ്രാദേശിക നേതാക്കളുമാണെന്ന് പറയുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്.
ചീമ ഉൾപ്പെടെ വീഡിയോയിൽ പേരെടുത്തവർക്കെതിരെ അടിയന്തരവും കർശനവുമായ നിയമനടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ലഹരിക്കെതിരെ പഞ്ചാബ് സർക്കാർ ‘യുദ്ധ് നഷേയൻ വിരുദ്ധ്’ എന്ന പേരിൽ വ്യാപക പ്രചാരണം നടത്തുകയും മയക്കുമരുന്ന് വേട്ട ശക്തമാക്കിയെന്ന അവകാശവാദം ഉയർത്തുകയും ചെയ്യുമ്പോഴാണ് ഗ്രാമങ്ങളിൽ ലഹരിവസ്തുക്കൾ ഇപ്പോഴും എളുപ്പത്തിൽ ലഭിക്കുന്നുവെന്ന പരാതി വീണ്ടും ശക്തമാകുന്നത്. ‘കടയിൽനിന്ന് ഉപ്പ് വാങ്ങുന്നതുപോലെ എളുപ്പമാണ് ലഹരി കിട്ടാൻ’ എന്നാണ് ഗുൽസാറിന്റെ കുടുംബം പറയുന്നത്.









0 comments