തായ്‌ലൻഡിൽ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു; മൂന്ന് പേർ ചികിത്സയിൽ

ബാങ്കോക്ക്: തായ്‌ലൻഡിലെ ഫുക്കറ്റിൽ ഇന്ത്യൻ വിനോദസഞ്ചാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഫുക്കറ്റിലെ കതു ജില്ലയിലുള്ള കമല ബീച്ചിന് സമീപത്തെ കഫേയിൽ ബോധരഹിതനായി വീണ യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അഞ്ചംഗ സംഘത്തോടൊപ്പം കഫേയിലെത്തിയ ഇയാൾക്ക് ശനിയാഴ്ച പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും സമാന സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഫേയിൽ ഇരിക്കവെ സംഘത്തിലെ നാല് പേർ ഓരോരുത്തരായി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞു. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഒരാൾ മരിച്ചു. ചികിത്സയിലുള്ള മറ്റ് മൂന്ന് ഇന്ത്യക്കാരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തായ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
യുവ വിനോദസഞ്ചാരിയുടെ മരണത്തിൽ ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമനടപടികൾക്കുമായി എല്ലാവിധ പിന്തുണയും നൽകുമെന്നും എംബസി അറിയിച്ചു. ബോധം നഷ്ടപ്പെടാനുണ്ടായ കൃത്യമായ കാരണം കണ്ടെത്താൻ തായ് അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും എംബസി വ്യക്തമാക്കി.











0 comments