പിസ ഡെലിവറി ചെയ്യാനെത്തിയ ഇന്ത്യക്കാരൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
ഫിലാഡൽഫിയ : അമേരിക്കയിൽ പിസ ഡെലിവറി ചെയ്യാനെത്തിയ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അൻഷുൽ കുൻചയാണ് (28) കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി നോർത്ത് ഫിലാഡൽഫിയയിലെ ഹൗസിങ്ങ് സൊസൈറ്റിക്കുള്ളിൽ പിസ ഡെലിവറി ചെയ്യാനെത്തിയപ്പോഴാണ് അൻഷുലിന് നേരെ ആക്രമണമുണ്ടായത്. ഡെലിവറി ചെയ്ത് കഴിഞ്ഞ് മടങ്ങവെ തലയ്ക്ക് വെടിയേൽക്കുകയായിരുന്നുവെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം, പിസ ഡെലിവറി ചെയ്ത വീട്ടിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഓർഡർ ചെയ്ത നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹം കണ്ടെത്തിയയിടത്ത് നിന്ന് മൂന്ന് വെടിയുണ്ടകളുടെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇരയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തതെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും പൊലീസ് അറിയിച്ചു. അൻഷുൽ സ്ഥലത്തെത്തുന്നതും ഇരുണ്ട വസ്ത്രം ധരിച്ച് ബാക്ക്പാക്ക് കൈവശം വെച്ച രണ്ടാളുകൾ അദ്ദേഹത്തെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.









0 comments