സൗദി വ്യാപാരമിച്ചം 74.5 ശതമാനം വർധിച്ചു

റിയാദ് : സൗദി അറേബ്യയുടെ ചരക്കുവ്യാപാര മിച്ചത്തിൽ സെപ്തംബറിൽ 74.5 ശതമാനം വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധന. ചരക്കുകയറ്റുമതി 14.2 ശതമാനം ഉയർന്ന് 11,500 കോടി റിയാലിലെത്തിയതായും ഗാസ്റ്റാറ്റ് അറിയിച്ചു. അതേസമയം, ഇറക്കുമതിയിൽ 4.3 ശതമാനം കുറവുണ്ടായി. 7400 കോടി റിയാലാണ് സെപ്തംബറിലെ ഇറക്കുമതി മൂല്യം.
എണ്ണ കയറ്റുമതിയിൽ 25.6 ശതമാനം വർധന രേഖപ്പെടുത്തി. ആകെ കയറ്റുമതിയിൽ എണ്ണയുടെ വിഹിതം കഴിഞ്ഞ വർഷം സെപ-്‌തംബറിലെ 68.6 ശതമാനത്തിൽനിന്ന് 75.4 ശതമാനമായി ഉയർന്നു. എന്നാൽ, പുനർകയറ്റുമതി ഉൾപ്പെടെയുള്ള എണ്ണയിതര കയറ്റുമതിയിൽ 10.8 ശതമാനം കുറവുണ്ടായി. പുനർകയറ്റുമതി ഒഴിവാക്കിയുള്ള ദേശീയ എണ്ണയിതര കയറ്റുമതിയിൽ 4.6 ശതമാനവും കുറവുണ്ടായി.
എണ്ണയിതര കയറ്റുമതിയിൽ പ്ലാസ്റ്റിക്, റബർ ഉൽപ്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ വിഹിതം. 22 ശതമാനമാണ് ഇവയുടെ പങ്ക്. രാസവസ-്‌തു ഉൽപ്പന്നങ്ങൾക്ക് 19.6 ശതമാനം വിഹിതമുണ്ട്. സൗദിയുടെ കയറ്റുമതിയിൽ ദക്ഷിണ കൊറിയയാണ് ഒന്നാമത്. 18.9 ശതമാനമാണ് കൊറിയയുടെ വിഹിതം. ഇന്ത്യ 14.3 ശതമാനവുമായി രണ്ടാം സ്ഥാനത്തും ചൈന 12.9 ശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്. ഇറക്കുമതിയിൽ ചൈനയാണ് മുന്നിൽ.








0 comments