Deshabhimani

യുഎഇയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു; ട്രക്കുകൾക്ക് നിയന്ത്രണം കർശനമാക്കി

uae
വെബ് ഡെസ്ക്

Published on Nov 26, 2026, 07:35 AM | 3 min read

ഷാർജ : യുഎഇയിൽ തുടർച്ചയായ വൻ റോഡ് ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ട്രക്ക് യാത്രയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരക്കുള്ള സമയങ്ങളിൽ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം, പുതിയ റൂട്ടുകൾ, ഡ്രൈവർമാരുടെ ജോലി സമയ പരിധി, കനത്ത പിഴ എന്നിവയാണ് പുതിയ തീരുമാനങ്ങളിൽ ഉള്ളത്. കഴിഞ്ഞ 12 ദിവസത്തിനിടെ രണ്ട് വലിയ അപകടങ്ങളിലായി 27 പേരാണ് യുഎഇയിൽ മരിച്ചത്.

നവംബർ 12-ന് ഫുജൈറയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 വാഹനങ്ങളും 5 ട്രക്കുകളും ഉൾപ്പെട്ട അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 24-ന് പുലർച്ചെ റാസ് അൽ ഖൈമയിലെ അൽ വത്തൻ റോഡിൽ ഒമാനിൽ നിന്ന് വിസ മാറി മടങ്ങുകയായിരുന്ന 41 പേരുമായി പോയ യാത്രാ ബസ്, റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ച് 13 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണ്.


ഈ അപകടങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ യുഎഇയിൽ ഹെവി ട്രക്കുകൾ ഉൾപ്പെട്ട 1,136 അപകടങ്ങളാണ് ഉണ്ടായത്. 2022-ൽ 208 അപകടങ്ങളായിരുന്നത് 2023-ൽ 271 ആയും 2024-ൽ 332 ആയും ഉയർന്നു. 2025-ൽ നേരിയ കുറവോടെ 325 അപകടങ്ങൾ രേഖപ്പെടുത്തി. അതായത് ശരാശരി മാസത്തിൽ 27 ട്രക്ക് അപകടങ്ങൾ, ആഴ്ചയിൽ ആറിലധികം എന്ന നിലയിലാണ് സംഭവിക്കുന്നത്.


2025-ൽ മാത്രം യുഎഇയിൽ ആകെ 6,014 റോഡ് അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറ്റവും കൂടുതൽ ലൈറ്റ് വാഹനങ്ങളാണ് ഉൾപ്പെട്ടത്, 3,834 അപകടങ്ങൾ. രണ്ടാമത് മോട്ടോർ സൈക്കിളുകൾ 1,224 അപകടങ്ങളിലും, മൂന്നാമത് ഹെവി ട്രക്കുകൾ 325 അപകടങ്ങളിലും ഉൾപ്പെട്ടു. ഹെവി ബസുകൾ 131 അപകടങ്ങളിലും സൈക്കിളുകൾ 158 അപകടങ്ങളിലും സ്കൂട്ടറുകൾ 120 അപകടങ്ങളിലും ഉൾപ്പെട്ടതായും കണക്കുകൾ പറയുന്നു. ആകെ അപകടങ്ങളിൽ 4,085 എണ്ണം വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയും 1,102 എണ്ണം കാൽനടക്കാരെ ഇടിച്ചതും 800 എണ്ണം വാഹനം മറിഞ്ഞതുമാണ്.


അപകടങ്ങൾക്ക് പ്രധാന കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത് പെട്ടെന്ന് ലെയ്ൻ മാറുന്നതാണ്. 2025-ൽ മാത്രം ഇത്തരത്തിൽ 1,074 അപകടങ്ങൾ ഉണ്ടായി. ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം 948 അപകടങ്ങളും സുരക്ഷിത അകലം പാലിക്കാത്തതിനാൽ 849 അപകടങ്ങളും അശ്രദ്ധ മൂലം 661 അപകടങ്ങളും ഉണ്ടായി. മന്ത്രാലയം ആകെ 160 കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടയർ പൊട്ടലും മോശം മെയിന്റനൻസും പ്രത്യേകിച്ച് ട്രക്ക് അപകടങ്ങളിൽ പ്രധാന കാരണമായി പറയുന്നു.


എമിറേറ്റ് തിരിച്ചുള്ള കണക്കും ആശങ്കപ്പെടുത്തുന്നതാണ്. ഫുജൈറയിൽ 2025-ൽ ആകെ റോഡ് അപകടങ്ങളിൽ മരിച്ചത് 9 പേർ മാത്രമായിരുന്നു. എന്നാൽ 2026-ൽ ഇതുവരെ മാത്രം 21 പേർ മരിച്ചു, അതായത് കഴിഞ്ഞ വർഷത്തെക്കാൾ രണ്ടിരട്ടിയിലധികം. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മാത്രം ഒരു വർഷം ട്രക്ക് തിരക്ക് മൂലം 137 അപകടങ്ങളും 6 മരണങ്ങളും ഉണ്ടായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ദുബായിൽ ട്രക്ക് അപകടങ്ങൾ 20 ശതമാനം കുറഞ്ഞു. നിയന്ത്രിത സമയത്ത് ട്രക്ക് ഓടിക്കാൻ നൽകിയ പെർമിറ്റുകൾ 70 ശതമാനം കുറഞ്ഞതാണ് ഇതിന് കാരണം.ഒക്ടോബർ 1 മുതൽ ദുബായിൽ അൽ ഖുദ്ര സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എല്ലാ ക്രോസിങ്ങുകൾ, എയർപോർട്ട് ടണൽ എന്നിവിടങ്ങളിൽ ട്രക്കുകൾക്ക് 24 മണിക്കൂറും നിരോധനം ഏർപ്പെടുത്തി. ഷെയ്ഖ് സായിദ് റോഡിൽ രാവിലെ 6 മുതൽ രാത്രി 10 വരെയും എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകിട്ട് 5.30 മുതൽ 8 വരെയും ട്രക്കുകൾക്ക് പ്രവേശനമില്ല. എമിറേറ്റ്സ് റോഡിനെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


2026 ഡിസംബർ 1 മുതൽ ഉമ്മ് അൽ ഖുവൈനിൽ ഉമ്മ് അൽ തൂബ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് പോകുന്ന ട്രക്കുകൾ Exit 103-ന് പകരം Exit 110 വഴി പോകണം. ഫുജൈറയിൽ ട്രക്ക് തിരക്കുള്ള റോഡിലേക്ക് അടുക്കുമ്പോൾ ഡ്രൈവർമാരുടെ മൊബൈൽ ഫോണിൽ അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഓട്ടോമാറ്റിക് മുന്നറിയിപ്പ് ലഭിക്കും. വേഗം കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനുമാണ് നിർദ്ദേശം.


2027 ജനുവരി 1 മുതൽ രാജ്യവ്യാപകമായി ഒരു ഡ്രൈവർക്ക് 24 മണിക്കൂറിൽ പരമാവധി 9 മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. ഡ്രൈവറുടെ ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാണ് ഈ തീരുമാനം. ഹെവി വാഹനം എന്ന നിർവചനവും 3.5 ടണ്ണിന് മുകളിൽ എന്നാക്കി മാറ്റി. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ്. അപകടത്തിൽ വാഹനം മറിഞ്ഞാൽ 3,000 ദിർഹം പിഴയും ഒരു വർഷം ലൈസൻസ് സസ്പെൻഷനും ലഭിക്കും. ചരക്ക് റോഡിൽ വീണാൽ 3,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും, ലോഡ് മൂടാതിരുന്നാൽ 3,000 ദിർഹം പിഴയും, നിശ്ചിത റൂട്ട് തെറ്റിച്ചാൽ 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും, നിരോധിത റോഡിൽ കയറിയാൽ 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും. ട്രക്കുകൾക്ക് പൂർണ്ണ നിരോധനമല്ല, തിരക്കുള്ള സമയത്ത് ട്രക്കുകളും ചെറിയ വാഹനങ്ങളും ഒരേ റോഡിൽ ഒരുമിച്ച് വരുന്നത് ഒഴിവാക്കുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home