വിമാനത്തിൽ വച്ച് 2 കുട്ടികളെ മെറ്റൽ ഫോർക്ക് കൊണ്ട് കുത്തി, യാത്രക്കാരിയെ മർദിച്ചു; ഇന്ത്യൻ പൗരൻ യുഎസിൽ അറസ്റ്റിൽ

ബോസ്റ്റൺ: വിമാനത്തിൽ വെച്ച് രണ്ട് കുട്ടികളെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും യാത്രക്കാരിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. ചിക്കാഗോയിൽ നിന്ന് ജർമനിയിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണിൽ ഇറക്കി.
ഇന്ത്യൻ പൗരനായ പ്രതീത് കുമാർ ഉസിരിപ്പള്ളിക്ക് (28) എതിരെയാണ് യുഎസ് കോടതിയിൽ കേസെടുത്തിട്ടുള്ളത്. കോടതി രേഖകൾ പ്രകാരം, പ്രതീത് ആദ്യം ഒരു 17-കാരന്റെ തോളിൽ മെറ്റൽ ഫോർക്ക് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് അതേ ഫോർക്ക് ഉപയോഗിച്ച് മറ്റൊരു 17-കാരന്റെ തലയുടെ പിന്നിലും കുത്തി പരിക്കേൽപ്പിച്ചു.
ആദ്യം ആക്രമണത്തിനിരയായ കുട്ടി മധ്യ സീറ്റിൽ ഉറങ്ങുകയായിരുന്നു. പ്രതീത് കുട്ടിയുടെ മുന്നിൽ നിൽക്കുന്നത് അറിഞ്ഞ കുട്ടി ഞെട്ടിയുണരുകയായിരുന്നു. പെട്ടെന്നാണ് പ്രതി ഫോർക്ക് ഉപയോഗിച്ച് കുട്ടിയുടെ ഇടതു തോളെല്ലിന്റെ ഭാഗത്ത് കുത്തിയത്. രണ്ടാമത്തെ കുട്ടിക്ക് തലയുടെ പിന്നിലും മുറിവേറ്റു.
ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചപ്പോൾ, വിചിത്രമായ രീതിയിൽ പ്രതീത് കൈ തോക്ക് പോലെ പിടിച്ച് വായിൽ വെച്ച് ട്രിഗർ വലിക്കുന്നതായി ആംഗ്യം കാണിച്ചു. അതിനുശേഷം ഒരു വനിതാ യാത്രക്കാരിയുടെ മുഖത്തടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് വിമാനം ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്തു.










0 comments