കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം: മഹിളാ അസോസിയേഷൻ

കാസർകോട് കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണത അതീവ ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി. നമ്മുടെ സമൂഹത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വിഷയങ്ങളിലൊന്നാണ് കൗമാരക്കാരിലെ ആത്മഹത്യ. ചെറിയ പ്രായത്തിലേ മാനസിക സമ്മർദം, ഏകാന്തത, പഠനഭാരം, കുടുംബ-, സാമൂഹിക പ്രശ്നങ്ങൾ, സൈബർ ആക്രമണം തുടങ്ങി നിരവധി കാരണങ്ങളാൽ കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്ന സംഭവം വർധിച്ചുവരികയാണ്. അടുത്തിടെയുണ്ടാകുന്ന സംഭവങ്ങളും പുറത്തുവരുന്ന കണക്കുകളും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. അതോടൊപ്പം കുട്ടികൾക്കെതിരായ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളും വർധിക്കുന്നു. വീടും വിദ്യാലയവും പൊതുസമൂഹവും കുട്ടികൾക്ക് സുരക്ഷിതമായ ഇടങ്ങളാകേണ്ട സാഹചര്യത്തിൽ, പലരും തുറന്നു പറയാൻ പോലും ഭയന്ന് നിശബ്ദമായി വേദന സഹിക്കുകയാണ്. അവരുടെ മൗനം പലപ്പോഴും ദുരന്തങ്ങളിലേക്കാണ് നയിക്കുന്നത്. ഒരു കുട്ടിയുടെ ആത്മഹത്യ വ്യക്തിപരമായ പരാജയമല്ല; അത് സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടുത്തരവാദിത്തത്തിലെ വീഴ്ചയാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ ഗൗരവത്തോടെ കാണുകയും വിദ്യാലയങ്ങളിൽ ഫലപ്രദമായ കൗൺസിലിങ് സംവിധാനം ശക്തിപ്പെടുത്തുകയും വേണം. കുട്ടികൾക്ക് തുറന്ന് സംസാരിക്കാനും സഹായം തേടാനും കഴിയുന്ന സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കുട്ടികൾക്കെതിരായ എല്ലാ തരത്തിലുള്ള പീഡനങ്ങൾക്കുമെതിരെ കർശന നിയമ നടപടി ഉറപ്പാക്കുകയും കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും വേണം. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും നിയമപാലന സംവിധാനങ്ങളും കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഇടപെടണം. ഓരോ കുട്ടിയുടെയും ജീവൻ വിലപ്പെട്ടതാണ്. അവരെ കേൾക്കുക, ചേർത്തുനിർത്തുക, സംരക്ഷിക്കുക എന്ന സന്ദേശം സമൂഹമാകെ ഏറ്റെടുക്കണമെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.









0 comments