ad
Deshabhimani

യുഎസിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ

vikram mubai

വിക്രം മുബായി

വെബ് ഡെസ്ക്

Published on Aug 07, 2026, 08:04 AM | 1 min read

വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാലിഫോർണിയ സർവകലാശാലയുടെ സാന്റാ ബാർബറ ക്യാമ്പസിലെ (UCSB) കെമിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ ഗവേഷക വിദ്യാർഥിയായ വിക്രം മുബായിയാണ് മരിച്ചത്. വിക്രം ഒറ്റയ്ക്കായിരുന്നു ട്രെക്കിങ്ങിന് പോയത്.


ആ​ഗസ്ത് ഒന്നിന് രാത്രി കുടുംബവുമായി അവസാനമായി ബന്ധപ്പെട്ട വിക്രം, ട്രെക്കിങ് പാതയിലെ തന്റെ ജിപിഎസ് സ്ഥാനം (GPS coordinates) പങ്കുവെച്ചിരുന്നു. നിശ്ചയിച്ച സമയത്ത് മടങ്ങിയെത്താതിരിക്കുകയും പിന്നീട് ബന്ധപ്പെടാതിരിക്കുകയും ചെയ്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ശേഷം ഇൻയോ കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ആ​ഗസ്ത് മൂന്നിന് ഇൻയോ നാഷണൽ ഫോറസ്റ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.


മരണകാരണം സംബന്ധിച്ച വിവരങ്ങൾ അന്വേഷണസംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദുരൂഹതയോ കുറ്റകൃത്യമോ നടന്നതായി നിലവിൽ സൂചനകളില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.


ഹോങ്കോങ്ങിലാണ് വിക്രം ജനിച്ചതും വളർന്നതും. ട്രെക്കിങ്ങിലും സൈക്ലിങ്ങിലും പരിചയസമ്പന്നനായിരുന്നു. 2022-ൽ ഇല്ലിനോയി സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുകയായിരുന്നു.


സസ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും ബാക്ടീരിയയുടെ സഹായത്തോടെ വിഘടിപ്പിച്ച് പെട്രോളിയത്തിന് പകരമായ സുസ്ഥിര മാർഗങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു വിക്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home