കുവൈത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; സ്ഥിരീകരിച്ച് എംബസി; 63 പേർക്ക് പരിക്ക്

ഇറാന്റെ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം | Photo Credit: X
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് നടന്ന ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ (55) ആണ് മരിച്ചത്
മൻസൂർ അഹമ്മദിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിനും ആക്രമണത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന സിവിൽ, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിൽ നയതന്ത്ര കാര്യാലയങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണി ഉയർത്തുന്നതാണ് ഇത്തരം നടപടികളെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത്, ആക്രമണത്തെ അതിശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെയും വ്യക്തമായ ലംഘനമാണ് ആക്രമണങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാനാകാത്ത വിഷയങ്ങളാണെന്നും മന്ത്രാലയം ആവർത്തിച്ചു.
തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രിത ആക്രമണനയത്തിന്റെ ഭാഗമാണെന്നും ഇത്തരം നടപടികൾ അംഗീകരിക്കുകയോ സഹിക്കുകയോ ചെയ്യില്ലെന്നും വ്യക്തമാക്കിയ മന്ത്രാലയം, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും മുന്നറിയിപ്പ് നൽകി.










0 comments