ad
Deshabhimani

പതിനായിരങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്ക് അടിയിൽ

വെനസ്വേലയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; ദൗത്യ സംഘം കരാക്കസിൽ എത്തി

venezuela
വെബ് ഡെസ്ക്

Published on Jun 29, 2026, 10:50 AM | 2 min read

കരാക്കസ്: ഭൂകമ്പം വിതച്ച വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. 'ഓപ്പറേഷൻ അമിസ്താദ്' എന്ന് പേരിട്ടിരിക്കുന്ന ദുരിതാശ്വാസ ദൗത്യ സംഘം കരാക്കസിൽ എത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും അടങ്ങുന്ന ആദ്യഘട്ട സഹായ സംഘമാണ്.


ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. ഡൽഹിയിൽ നിന്നും 14,000 കിലോമീറ്ററിലധികം ദൂരം 23 മണിക്കൂർ കൊണ്ട് സഞ്ചരിച്ചാണ് വിമാനങ്ങൾ കാരക്കാസിലെ മൈക്വതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.


66 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഉണ്ട്. ഇതിൽ 35 ടണ്ണിലധികം അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഇതോടൊപ്പം ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിലെ ഒമ്പത് മെഡിക്കൽ ഓഫീസർമാർ അടങ്ങുന്ന 41 അംഗ രക്ഷാപ്രവർത്തക സംഘമാണ് വെനസ്വേലയിൽ എത്തിയിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രവർത്തിപ്പിക്കാൻ കഴിയുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ട് അത്യാധുനിക പോർട്ടബിൾ മിനി ഹോസ്പിറ്റൽ യൂണിറ്റുകളും (BHISHM Cubes) ഇന്ത്യ അയച്ചിട്ടുണ്ട്.


മരണം 1,450 പതിനായിരങ്ങൾ അവിശിഷ്ടങ്ങൾക്ക് അടിയിൽ


ജൂൺ 24 ബുധനാഴ്ചയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾക്ക് ശേഷം വെനസ്വേലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തലസ്ഥാനമായ കാരക്കാസും തീരദേശ മേഖലയായ ലാ ഗ്വൈറയുമാണ് ദുരന്തം ഏറ്റവും കൂടുതൽ തകർത്തത്. നിലവിൽ 1,450-ലധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു.


രാജ്യത്ത് 50,000 നും 68,900 നും ഇടയിൽ ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ദുരിതാശ്വാസ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നത്. 3,150-ലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പല ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചതിനാലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മൊബൈൽ ഫീൽഡ് ഹോസ്പിറ്റലുകൾ അടിയന്തരമായി അവിടെ എത്തിച്ചിരിക്കുന്നത്. കൂടാതെ 12,700-ലധികം ആളുകൾ ഭവനരഹിതരായി താത്കാലിക അഭയകേന്ദ്രങ്ങളിലാണ്.


ഐക്യരാഷ്ട്രസഭയുടെ (UN) പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 4.7 ബില്യൺ മുതൽ 8.7 ബില്യൺ യു.എസ് ഡോളർ വരെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇത് വെനസ്വേലയുടെ ആകെ ജിഡിപിയുടെ (GDP) 4% മുതൽ 8% വരെ വരും. ഏകദേശം 40,000 മുതൽ 72,000 കോടിയിലധികം ഇന്ത്യൻ രൂപയാണിത്. രാജ്യത്തെ പ്രധാന എയർപോർട്ടായ മൈക്വതിയ അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി തകർന്നു. ഇപ്പോൾ ദുരിതാശ്വാസ വിമാനങ്ങൾക്കായി ഒരു റൺവേ മാത്രമാണ് തുറന്നുനൽകിയിട്ടുള്ളത്. മെട്രോ സർവീസുകൾ നിർത്തിവെച്ചു. നിരവധി നഗരങ്ങളിൽ വൈദ്യുതി, കുടിവെള്ളം, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായി തകർന്നു കിടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home