എപ്‌സ്റ്റീൻ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം; ലിസ്റ്റിൽ ഇന്ത്യൻ പെൺകുട്ടിയും

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീൻ പ്രതിയായ ലൈംഗികാതിക്രമ കേസിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പുരോഗമിക്കവേ, പട്ടികയിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഉൾപ്പെട്ടതായി റിപ്പോർട്ട്.
എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വസതിയിൽ വെച്ച് അതിക്രമത്തിന് ഇരയായ നൂറിലധികം പെൺകുട്ടികളുടെ ലിസ്റ്റിലാണ് ഇന്ത്യക്കാരിയും ഉൾപ്പെട്ടിരിക്കുന്നത്. എപ്‌സ്റ്റീന്റെ സ്വത്തുക്കളിൽ നിന്നും രൂപീകരിച്ച പ്രത്യേക നിധിയിൽ നിന്നാണ് ഇരകൾക്ക് തുക നൽകുന്നത്.
ഇതിനോടകം കോടിക്കണക്കിന് രൂപ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരകൾക്ക് വിതരണം ചെയ്തു കഴിഞ്ഞു. അമേരിക്കയിൽ ഉപരിപഠനത്തിന് എത്തിയ സമയത്താണ് പെൺകുട്ടി എപ്‌സ്റ്റീന്റെ ക്രൂരതയ്ക്ക് ഇരയായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 2019-ൽ ജയിലിൽ കഴിയവേയാണ് എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്തത്.
കേസിൽ ലോകത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും പേരുകൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിവരങ്ങളും ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്‌സ്റ്റീൻ ഫയലുകളിലുണ്ട്.
അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ എപ്‌സ്റ്റീൻ കേസിലെ രേഖകൾ പുറത്തുവിട്ടതോടെയാണ് ഇരകളുടെ കൂടുതൽ വിവരങ്ങൾ ലോകമറിയുന്നത്. ഇന്ത്യൻ പെൺകുട്ടിയുടെ സാന്നിധ്യം കേസിന് പുതിയൊരു വശം കൂടി നൽകിയിരിക്കുകയാണ്.










0 comments