ഇറാനിൽ സുരക്ഷാ ഭീഷണി; പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ കർശന നിർദ്ദേശം

തെഹ്‌റാൻ: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. അമേരിക്കയും ഇസ്രയേലും ഇറാനിൽ കനത്ത വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
ഏകദേശം 9,000-ത്തോളം ഇന്ത്യൻ പൗരന്മാർ ഇപ്പോൾ ഇറാനിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്നും എംബസി അറിയിച്ചു.
വാർത്തകൾ നിരന്തരം നിരീക്ഷിക്കാനും എംബസിയുടെ തുടർന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്-ഇസ്രയേൽ സൈനിക നീക്കം ഇറാനിലെ പ്രധാന നഗരങ്ങളിലെ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്.
ആക്രമണങ്ങളിൽ ഇറാൻ ഭരണകൂട സിരാകേന്ദ്രങ്ങളും വിമാനത്താവളങ്ങളും തകർക്കപ്പെട്ടതോടെയാണ് അവിടെയുള്ള വിദേശികളുടെ സുരക്ഷ മുൻനിർത്തി എംബസി ഇടപെട്ടത്. നേരത്തെ പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയതും ഗൾഫ് നാടുകളിൽ കഴിയുന്ന ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും വലിയ ആശങ്കയിലാക്കിയിരുന്നു.










0 comments