ഇറാനിൽ സുരക്ഷാ ഭീഷണി; ഉടൻ രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ നിർദ്ദേശം

ടെഹ്‌റാൻ: മേഖലയിലെ രാഷ്ട്രീയ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ലഭ്യമായ വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടണമെന്ന് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ എന്നിവർ ഉടൻ മടങ്ങണം. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളും ആഭ്യന്തര പ്രതിഷേധങ്ങളും കണക്കിലെടുത്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.
പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. സഹായത്തിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+989128109115, +989128109109) എംബസി പുറത്തുവിട്ടു.
യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്നും പ്രാദേശിക പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജനുവരിയിൽ നൽകിയ മുൻകൂർ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ രാജ്യം വിടാനുള്ള പുതിയ അറിയിപ്പ് വന്നിരിക്കുന്നത്.










0 comments