ഇറാനിൽ നിന്ന് ഉടൻ മടങ്ങണം: പൗരന്മാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി

ഇറാനിലെ ഇന്ത്യൻ എംബസി (Photo: PTI)
തെഹ്റാൻ: ഇറാൻ-അമേരിക്ക വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഏകോപനത്തിനും അടിയന്തര ആവശ്യങ്ങൾക്കുമായി ഹെൽപ്പ്‌ലൈൻ നമ്പറുകളും ആരംഭിച്ചു. എംബസിയിൽ അറിയിക്കാതെ അന്താരാഷ്ട്ര കര അതിർത്തിവഴി രാജ്യം വിടാൻ ശ്രമിക്കരുതെന്നും കർശന നിർദേശമുണ്ട്.
അമേരിക്ക-ഇറാൻ വെടിനിർത്തലിനെത്തുടർന്ന് ബോംബാക്രമണ ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ, ബന്ദർ അബ്ബാസ് പോലുള്ള തെക്കൻ മേഖലകളിൽ നിന്ന് അർമേനിയൻ അതിർത്തിയിലേക്ക് (ഏകദേശം 1,500 കി.മീ) യാത്ര ചെയ്യാൻ പൗരന്മാർക്ക് സാധിക്കും. ഏകദേശം 7,500 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും ഇറാനിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
എംബസിയുടെ മുൻ നിർദ്ദേശപ്രകാരം പൗരന്മാർ സൈനിക-വൈദ്യുത കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകൾ എന്നിവ ഒഴിവാക്കണമെന്നും ഹൈവേ വഴിയുള്ള യാത്രകൾ എംബസിയുമായി ഏകോപിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് അന്ത്യം കുറിച്ചുകൊണ്ട് രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ച സാഹചര്യത്തിലാണ് നിർദേശം.










0 comments