വംശീയ അധിക്ഷേപങ്ങളും ഭീഷണികളും; ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർ യുഎസിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി

ന്യൂയോർക്ക്: വംശീയമായ അധിക്ഷേപങ്ങളും നിരന്തരമുള്ള സുരക്ഷാ ഭീഷണികളും കാരണം യുഎസിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ച്, ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ തൻവി ജാൻസി രാജ്ഗാർഹ്യ. ന്യൂയോർക്ക് സിറ്റിയിൽ ഒരു കുടിയേറ്റക്കാരിയായ ബ്രൗൺ വനിത എന്ന നിലയിൽ താൻ നേരിട്ട പീഡനങ്ങളും കടുത്ത ഭയവുമാണ് ഈ തീരുമാനമെടുക്കാൻ കാരണമായതെന്ന് തൻവി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ വ്യക്തമാക്കി.
അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഹാസ്യപരമായ വീഡിയോകളിലൂടെയാണ് തൻവി ഓൺലൈനിൽ ശ്രദ്ധ നേടിയിരുന്നത്. ജനുവരിയിൽ സജീവമായ തൻവിയുടെ ഉള്ളടക്കത്തിന് വലിയ പിന്തുണ ലഭിച്ചുവെങ്കിലും, അതോടൊപ്പം തന്നെ കടുത്ത വെറുപ്പും ഭീഷണികളും ഉയർന്നു വന്നു. തനിക്ക് വംശീയമായ അധിക്ഷേപ സന്ദേശങ്ങൾ ലഭിച്ചതായും, കൂടാതെ തന്നെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ICE) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ട് പലരും പോസ്റ്റുകളിൽ കമന്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
നിയമപരമായി ആർട്ടിസ്റ്റ് വിസയിൽ രാജ്യത്ത് താമസിക്കുമ്പോഴും തൻവിയുടെ രൂപം കാരണം അവർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടു. കുടിയേറ്റക്കാരെ ഐസിഇ ഏകപക്ഷീയമായി പിടികൂടുന്ന വാർത്തകൾ പ്രചരിച്ചതോടെ തൻവിയുടെ ഭയം വർദ്ധിച്ചു. "പോലീസ് കാർ അടുത്ത് പോകുമ്പോൾ എൻ്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. രാത്രി വാതിലിൽ അസ്വാഭാവികമായ ശബ്ദം കേട്ടാൽ അത് തന്നെ പിടികൂടാൻ വന്ന ഐസിഇ ഏജൻ്റുമാരാണെന്ന് ഭയന്നു," അവർ പറയുന്നു. തന്നെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്താൻ ശ്രമിച്ചതാണ് അമേരിക്കയിലെ ജീവിതം ഉപേക്ഷിക്കാൻ പ്രധാന കാരണമായതെന്നും തൻവി കൂട്ടിച്ചേർത്തു.
യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരത്തിനായി ഇന്ത്യയിൽ എട്ട് വർഷം കഠിനാധ്വാനം ചെയ്താണ് താൻ യോഗ്യത നേടിയതെന്നും, എന്നാൽ വിജയിച്ചിട്ടും ഈ സമ്മർദ്ദം കാരണം എല്ലാം ഉപേക്ഷിക്കേണ്ടി വന്നു എന്നത് ദുഃഖകരമാണെന്നും തൻവി കുറിച്ചു. "ഞാൻ സ്നേഹിച്ചിരുന്ന അമേരിക്ക ഇന്ന് നിലവിലില്ല," എന്ന് അഭിപ്രായപ്പെട്ട അവർ, സ്വന്തം രാജ്യത്ത് സന്തോഷത്തോടെ, ഒരു കുറ്റവാളിയെപ്പോലെ തോന്നാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയിട്ടുള്ളത്.










0 comments