'ഇന്ത്യന്‍ വ്യോമസേന വിമാനങ്ങൾ വെടിവെച്ചിട്ടു, തെളിവ് സോഷ്യൽ മീഡിയയിൽ'; വീണ്ടും അവകാശവാദങ്ങളുമായി പാക് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന വ്യാജ പ്രചരണവുമായി വീണ്ടും പാകിസ്ഥാൻ. റഫാല്‍ ഉള്‍പ്പടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്‍റെ പ്രതികരണം. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഈ അവകാശവാദം ഉന്നയിച്ചത്. എന്നാൽ ഇതിന് എന്താണ് തെളിവ് എന്ന അവതാരകയുടെ ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലുണ്ടല്ലോ എന്നായിരുന്നു ഖ്വാജ ആസിഫിന്‍റെ മറുപടി. എന്നാൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്ത വിശ്വസിക്കുന്ന പാക് പ്രതിരോധ മന്ത്രി പരിഹാസ്യനായെന്ന തരത്തിലുള്ള രൂക്ഷ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ ഖ്വാജ ആസിഫ് നേരിടുന്നത്.
"ഇതെല്ലാം സോഷ്യൽ മീഡിയയിലുണ്ട്, ഇന്ത്യൻ സോഷ്യൽ മീഡിയയിലാണ്, നമ്മുടെ സോഷ്യൽ മീഡിയയിലല്ല. ജെറ്റുകളുടെ അവശിഷ്ടങ്ങൾ ഇന്ത്യയുടെ ഭാഗത്ത് വീണു. അത് ഇന്ത്യൻ മാധ്യമങ്ങളിൽ എല്ലായിടത്തും ഉണ്ട്"- എന്നാണ് തെളിവുണ്ടെ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഖ്വാജ ആസിഫ് മറുപടി നൽകിയത്. ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയതിന് ശേഷം, മൂന്ന് റാഫേൽ ജെറ്റുകൾ, സു -30, മിഗ് -29 എന്നിവയുൾപ്പെടെ അഞ്ച് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ വെടിവച്ചിട്ടതായി ഇസ്ലാമാബാബ് അവകാശപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിന് പിന്നാലെയാണ് ടെലിവിഷൻ ചാനലിലൂടെ ഖ്വാജ ഇത് ആവർത്തിച്ചത്. എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുകയും പിന്നീട് ഇതെല്ലാം മാറ്റിപറയുന്ന സമീപനം വീണ്ടും പാകിസ്ഥാൻ സ്വീകരിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തൗള്ള തരാർ സമാന പ്രചരമങ്ങൾ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാകിസ്ഥാനിൽ ഭീകരവാദമില്ലെന്നും രാജ്യം ഭീകരവാദത്തിന്റെ ഇരയാമെന്നുംമായിരുന്നു പ്രതികരണം.വീദേശ രാജ്യങ്ങൾ പാകിസ്ഥാനെ ഭീകരവാദത്തിനായി ഉപയോഗിച്ചെന്നും തരാർ ആരോപിച്ചിരുന്നു. എന്നാൽ അതേ വാർത്താ ചാനലിന് ആഴ്ചകൾ മുമ്പ് നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് തന്നെ രാജ്യത്ത് ഭീകരവാദമുണ്ടെന്ന് സമ്മതിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 2 ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഇന്ത്യയിലെ വ്യോമതാവളങ്ങൾ ആക്രമിച്ചെന്നും അവകാശപ്പെട്ട് ഒട്ടേറെ ചിത്രങ്ങളും വിഡിയോകളുമാണ് പാക്കിസ്ഥാനിൽനിന്നുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ പോസ്‌റ്റ് ചെയ്തത്. പാക്ക് സേനയുടെ മീഡിയ വിങ് ആയ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് എന്ന അക്കൗണ്ടുകളിലൂടെയും ഇത്തരം വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു.









0 comments