യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ പറഞ്ഞു; അവകാശവാദവുമായി ട്രംപ്

വാഷിങ്‌ടൺ: അമേരിക്കന്‍ ഉൽപ്പന്നങ്ങള്‍ക്കു മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീരുവ കുറയ്ക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം ഏറെ വൈകിപ്പോയെന്നും ട്രംപ് ട്രൂത്ത് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് സമൂഹമാധ്യമത്തിലൂടെ ട്രംപിന്റെ പ്രതികരണം.
ഇന്ത്യയുടെ ഉൽപ്പന്നങ്ങൾ യുഎസിൽ വലിയതോതിൽ വിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ ഉൽപ്പന്നങ്ങൾ അതുപോലെ ഇന്ത്യ വാങ്ങുന്നില്ല. ഏകപക്ഷീയമായ ദുരന്തമായിരുന്നു ഇന്ത്യയുമായുള്ള വ്യാപാരം. ഇന്ത്യയും എണ്ണയും സൈനിക സഹായവും വാങ്ങുന്നത് റഷ്യയിൽനിന്നാണ്. ഇന്ത്യയുടെ വാഗ്ദാനം വളരെ വൈകിയെന്നും വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യണമായിരുന്നു എന്നുമാണ് ട്രംപ് കുറിച്ചത്.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്തിൽ ട്രംപിന്റെ പോസ്റ്റ് വന്നത്. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ 25 ശതമാനം പരസ്പര താരിഫുകളും ഡൽഹി റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക ലെവികളും ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ മൊത്തം തീരുവ 50 ശതമാനമായി. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്.










0 comments