ad
Deshabhimani

print edition ഇന്ത്യ– നേപ്പാൾ വ്യാപാരം പ്രതിസന്ധിയിൽ; അതിർത്തിയിൽ 16 കിലോമീറ്ററോളം ചരക്കുലോറി നിര

Nepal.jpg
വെബ് ഡെസ്ക്

Published on Aug 29, 2026, 01:16 AM | 1 min read

ലഖ്‌ന‍ൗ: മിന്നൽപ്രളയത്തെത്തുടർന്ന് നേപ്പാളിലെ നിരവധി റോഡുകൾ പൂർണമായി തകർന്നതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള കരമാർഗമുള്ള വ്യാപാരം പ്രതിസന്ധിയിൽ. യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ സോനൗലി അതിർത്തിയിൽ നേപ്പാളിലേക്ക് കടക്കാൻ കാത്തുകിടക്കുന്ന ചരക്കുവാഹനങ്ങളുടെ നിര 16 കിലോമീറ്ററായി നീണ്ടു. ഓരോ മണിക്കൂറിലും കൂടുതൽ ലോറികളെത്തുന്നതിനാൽ ഗതാഗതം നിയന്ത്രിക്കാനും ബുദ്ധിമുട്ട്‌ നേരിടുന്നുണ്ട്‌. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കുമായി ദിവസങ്ങൾക്കുമുമ്പ്‌ പുറപ്പെട്ട ലോറികളായതിനാൽ പലരും മടങ്ങിപ്പോകാൻ ഒരുക്കമല്ല. ഗതാഗതം പുനഃസ്ഥാപിച്ച്‌ ഉടൻ ലോറികളെ കടത്തിവിട്ടില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അവശ്യസാധനവിതരണം പൂർണമായി സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന്‌ അധികൃതർ മുന്നറിയിപ്പുനൽകി.


ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ അതിർത്തി പ്രവേശന കവാടമാണ് സൊനൗലി. കരമാർഗം ഇന്ത്യയിൽനിന്ന് നേപ്പാളിലേക്ക് പോകുന്ന വിനോദസഞ്ചാരികളും ചരക്ക് വാഹനങ്ങളും പ്രധാനമായും ആശ്രയിക്കുന്നത് ഈ അതിർത്തിയെയാണ്.

നേപ്പാളിൽ വിവിധ ജോലികൾ ചെയ്തുവന്നിരുന്ന യുപിയിലെ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നതായും റിപ്പോർട്ടുണ്ട്‌. ബിഹാർ അതിർത്തി വഴിയാണ് പലരും ഗ്രാമങ്ങളിലേക്കെത്തുന്നത്. യുപിയിലെ അതിർത്തി ജില്ലയായ കുശിനഗറിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദീതീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.


ചൈനയിൽനിന്ന്‌ നേപ്പാളിലേക്കുള്ള ചരക്കുഗതാഗതത്തെയും മിന്നൽ പ്രളയം ബാധിച്ചു. ഹിമാലയൻ പർവത നിരകളിലൂടെയുള്ള പ്രധാന ചരക്കുപാതയാണ്‌ ബുധനാഴ്‌ചത്തെ മിന്നൽപ്രളയത്തിൽ അപ്പാടെ തകർന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home