ബാബ്‌റി വാർഷികത്തിൽ കർസേവയെന്ന് പ്രഖ്യാപനം
print edition മഥുര മസ്‌ജിദ് തകർക്കാൻ സാധ്യതയെന്ന് പൊലീസ്

റിതിൻ പൗലോസ്
Published on Aug 29, 2026, 01:23 AM | 1 min read
ന്യൂഡൽഹി: ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനത്തിൽ മഥുര ഷാഹി ഇൗദ് ഗാഹ് മസ്‌ജിദിലും കർസേവ നടത്തുമെന്ന പ്രഖ്യാപനത്തിനിടെ ആശങ്ക ശരിവച്ച് പൊലീസും. കർസേവയ്‌ക്ക് സാധ്യതയുണ്ടെന്നും സുരക്ഷ പലമടങ്ങ് വർധിപ്പിച്ചുവെന്നും മഥുര ജില്ലാ ഭരണകേന്ദ്രവും പൊലീസും അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച വിവരം ജസ്‌റ്റിസ് അവ്‌നിഷ് സക്‌സേനയുടെ ബെഞ്ചിന് മുദ്രവച്ച കവറില്‍ കൈമാറി. കേസ് സെപ്‌റ്റംബർ 18ന് പരിഗണിക്കും.
ചിത്രഗുപ്ത പീഠം തലവൻ സ്വാമി സച്ചിദാനന്ദ് മഹാരാജ് ആണ് മഥുര മസ്‌ജിദ് പ്രദേശത്ത് കർസേവയ്‌ക്ക് പരസ്യ ആഹ്വാനംനൽകിയത്. ഇതോടെ, സംഘം ചേർന്നോ അല്ലാതെയോ ആളുകൾ മസ്‌ജിദ് പ്രദേശത്തേയ്‌ക്ക് പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം കോടതിയിൽ ഹർജിനൽകി. ഇതിൽ പൊലീസ് നൽകിയ മറുപടിയിലാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ശ്രീകൃഷ്‌ണന്റെ ജന്മദേശമാണെന്നും മസ്‌ജിദ് പൊളിച്ചുനീക്കി ക്ഷേത്രം നിർമിക്കണമെന്നും ആവശ്യപ്പെട്ട് തീവ്രഹിന്ദുത്വ ശക്തികൾ നൽകിയ 18 സ്യൂട്ടുകളാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.
ആഗസ്‌ത് ഒന്പതിന് കർസേവയ്‌ക്ക് നേതൃത്വം നൽകുമെന്നായിരുന്നു സച്ചിദാനന്ദ് മഹാരാജ് ആദ്യം പ്രഖ്യാപിച്ചത്. ബാബ്‌റി വാർഷികദിനമായ ഡിസംബർ ആറിന് നടത്തുമെന്ന് പിന്നീടറിയിച്ചു. മസ്‌ജിദ് തകർത്ത് നിർമിക്കേണ്ട ക്ഷേത്രത്തിന്റെ ശിലാപൂജ നടത്തുമെന്നും പ്രഖ്യാപിച്ചു. അയോധ്യക്ഷേത്രം നിർമിക്കാനുപയോഗിച്ച 5,000 ടൺ പിങ്ക് മണൽക്കല്ല് മഥുരയിലേക്ക് എത്തിച്ചതായും റിപ്പോർട്ടുണ്ട്. ഇതുമായി കർസേവകർ മസ്‌ജിദിലേയ്‌ക്ക് നീങ്ങാനാണ് സാധ്യത. 2021 ഡിസംബർ ആറിന് ഹിന്ദുമഹാസഭ കർസേവ നടത്താൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തൊട്ടടുത്ത വർഷവും ഭീഷണിമുഴക്കി. ജെൻസി പ്രക്ഷോഭവും ഭരണവിരുദ്ധവികാരവുംമൂലം പ്രതിരോധത്തിലായ ബിജെപി, മാസങ്ങൾക്കകം യുപി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് അസാധാരണ നീക്കം നടത്തുന്നത്.









0 comments