ad
Deshabhimani

ഇന്ത്യ - ഐഒഎം കൂടിക്കാഴ്ച; കുടിയേറ്റ മാർ​ഗങ്ങൾ സുതാര്യമാക്കും

India-IOM

ഐഒഎം ഡയറക്ടർ ജനറൽ ഏയ്മി പോപിനൊപ്പം വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് | Photo Credit: X/@KVSinghMPGonda

വെബ് ഡെസ്ക്

Published on May 09, 2026, 04:26 PM | 1 min read

ന്യൂയോർക്ക് : സുരക്ഷിതവും സുതാര്യവുമായ കുടിയേറ്റ പാതകൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (ഐഒഎം) തമ്മിൽ ചർച്ച നടത്തി. ഐക്യരാഷ്ട്രസഭയിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിനിടെ (IMRF) കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഐഒഎം ഡയറക്ടർ ജനറൽ ഏയ്മി പോപുമായി കൂടിക്കാഴ്ച നടത്തി.


കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സുരക്ഷിതമായ രീതിയിൽ ലഭ്യമാക്കുന്നതിനും ഇരുവിഭാഗവും ധാരണയിലെത്തി. ഇന്ത്യയിൽ നിന്നുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി.


കുടിയേറ്റ മാർഗങ്ങൾ വിപുലീകരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമൊപ്പം 'ഗ്ലോബൽ കോംപാക്റ്റ് ഫോർ മൈഗ്രേഷൻ' പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചു. സുരക്ഷിതമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിലെ ഇന്ത്യയുടെ താൽപ്പര്യം അദ്ദേഹം ചർച്ചകളിൽ പങ്കുവെച്ചു.


കാനഡയുടെ കുടിയേറ്റ കാര്യ മന്ത്രി ലെന മെറ്റ്‌ലെജ് ദിയാബുമായും കീർത്തി വർധൻ സിംഗ് ചർച്ചകൾ നടത്തി. കാനഡ - ഇന്ത്യ മൈഗ്രേഷൻ ഇനിഷ്യേറ്റീവ്, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വിദ്യാർഥികളുടെയും കുടിയേറ്റം എന്നീ വിഷയങ്ങളിലായിരുന്നു കൂടിക്കാഴ്ച.


യുഎൻ ആസ്ഥാനത്ത് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പെർമനന്റ് മിഷൻ സംഘടിപ്പിച്ച 'ഇ-മൈഗ്രേറ്റ്' അനുഭവങ്ങൾ പങ്കുവെക്കുന്ന സൈഡ് ഇവന്റിലും മന്ത്രി സംസാരിച്ചു.


മെയ് 4 മുതൽ 8 വരെ നടന്ന ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിൽ ആഗോള കുടിയേറ്റവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടുകളും ഡിജിറ്റൽ സംവിധാനങ്ങൾ വഴി കുടിയേറ്റം സുഗമമാക്കുന്നതിലെ രാജ്യത്തിന്റെ നേട്ടങ്ങളും ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home