ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കും

ഗാബറോൺ : ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കും. വിവരം ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക സന്ദർശന വേളയിലാണ് പ്രഖ്യാപനം. ബോട്സ്വാനയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോയ്ക്കും നന്ദി പറഞ്ഞ പ്രസിഡന്റ്, ചീറ്റകളെ നന്നായി പരിപാലിക്കുമെന്നും ഉറപ്പുനൽകി. ബോട്സ്വാനയിൽ പിടികൂടിയ എട്ട് ചീറ്റകളെ മൊകൊലോഡി പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുന്ന പരിപാടിയിൽ പ്രസിഡന്റ് പങ്കെടുക്കും. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ബോട്സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ എത്തിക്കുന്നത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് പ്രസിഡന്റ് ബോട്സ്വാനയിലെത്തിയത്. ദക്ഷിണാഫ്രിക്കൻ രാജ്യത്ത് ഒരു ഇന്ത്യൻ രാഷ്ട്രപതി നടത്തുന്ന ആദ്യ സന്ദർശനമാണിത്. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്തംബർ 17ന് നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടിരുന്നു. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചു.
രാജ്യത്ത് ഇപ്പോൾ 27 ചീറ്റകളുണ്ട്. അവയിൽ 24 എണ്ണം കുനോയിലും മൂന്നെണ്ണം മധ്യപ്രദേശിലെ മന്ദ്‌സൗർ, നീമുച്ച് ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലുമാണ്. പദ്ധതി ആരംഭിച്ചതിനുശേഷം പത്തൊമ്പത് ചീറ്റകൾ - ഇറക്കുമതി ചെയ്ത ഒമ്പത് മുതിർന്നവയും ഇന്ത്യയിൽ ജനിച്ച 10 കുഞ്ഞുങ്ങളും - വിവിധ കാരണങ്ങളാൽ ചത്തു. കുനോയിൽ ഇതുവരെ 26 കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്.









0 comments