ad
Deshabhimani

ഇമ്രാൻഖാന്റെ കാഴ്ചശക്തി നഷ്ടമായി; ഇനി വൈകിയാൽ ജീവൻ തന്നെ അപകടത്തിലാകും; അമിക്കസ് ക്യൂറി റിപ്പോർട്ട്

Imran Khan

ഇമ്രാൻഖാൻ

വെബ് ഡെസ്ക്

Published on Feb 12, 2026, 09:11 PM | 2 min read

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിന്റെ കാഴ്ചശക്തിക്ക് ​ഗുരുതരമായ തകരാർ സംഭവിച്ചെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ട്. അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ ആണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.


മാസങ്ങളോളം തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇമ്രാൻ പരാതിപ്പെട്ടിട്ടും ജയിൽ അധികൃതർ അവഗണിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. 2025 ഒക്ടോബർ വരെ ഇമ്രാൻഖാന്റെ രണ്ട് കണ്ണുകൾക്കും സാധാരണ നിലയിലുള്ള കാഴ്ചയുണ്ടായിരുന്നു. പിന്നീട് കാഴ്ച മങ്ങാൻ തുടങ്ങി. ഇത് പലതവണ ജയിൽ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ അവഗണന വലിയ ദുരന്തത്തിന് വഴിവെച്ചു. വലതുകണ്ണിന്റെ കാഴ്ച പൂർണമായും പെട്ടെന്ന് നഷ്ടപ്പെട്ടു. തുടർന്ന് ഒരു നേത്രരോഗ വിദഗ്ധനെ വിളിച്ചു. കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ചത് ഗുരുതരമായ തകരാറുണ്ടാക്കിയെന്നും ഇൻജക്ഷനും ചികിത്സയും നൽകിയിട്ടും വലതുകണ്ണിന് ഇപ്പോൾ വെറും 15 ശതമാനം കാഴ്ച മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് രേഖപ്പെടുത്തുന്നു.


2023 ഒക്ടോബറിൽ അദിയാല ജയിലിലേക്ക് മാറ്റിയത് മുതൽ ഏകദേശം രണ്ട് വർഷവും നാല് മാസവുമായി ഇമ്രാൻ ഖാൻ ഏകാന്ത തടവിലാണ്. ഇത് അദ്ദേഹത്തിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും സഫ്ദർ കോടതിയെ അറിയിച്ചു. 73 കാരനായ ഇമ്രാൻ ഖാൻ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ഡോക്ടർമാരെ കാണാൻ അനുവാദമില്ല. പ്രായം കണക്കിലെടുത്ത് കൃത്യമായ രക്തപരിശോധനകൾ ആവശ്യമാണെങ്കിലും അവ നടന്നിട്ടില്ല. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും കടുത്ത നിയന്ത്രണങ്ങളുണ്ട്. സഹോദരിമാരടക്കമുള്ള കുടുംബാംഗങ്ങളെ കോടതി ഉത്തരവുണ്ടായിട്ടും കൃത്യമായി കാണാൻ അനുവദിക്കുന്നില്ല. 2025ൽ ആകെ രണ്ട് തവണ മാത്രമാണ് മക്കളായ കാസിമിനോടും സുലൈമാനോടും ഫോണിൽ സംസാരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് മാസമായി തന്റെ പ്രധാന അഭിഭാഷകനെയോ നിയമസംഘത്തെയോ കാണാൻ ഇമ്രാനെ അനുവദിച്ചിട്ടില്ല. ഇത് കേസുകളിൽ അദ്ദേഹത്തിന്റെ പ്രതിരോധത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇനി വൈകിയാൽ ഇമ്രാൻ ഖാന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും, ഉടൻ തന്നെ വിദഗ്ധരായ നേത്രരോഗ വിദഗ്ധരെക്കൊണ്ട് പരിശോധന നടത്തുകയും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാനുള്ള അനുമതി പുനഃസ്ഥാപിക്കുകയും വേണമെന്നും സൽമാൻ സഫ്ദർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.


അമിക്കസ് ക്യൂറി റിപ്പോർട്ടിനെ തുടർന്ന്, ഇമ്രാൻഖാന്റെ ആരോഗ്യനില പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ, മുൻഭാര്യയുമായും മക്കളുമായും സംസാരിക്കാൻ ഇമ്രാന് സൗകര്യമൊരുക്കണമെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് 2023 ആ​ഗസ്ത് അഞ്ച് മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലിലാണ് മുൻ ക്രിക്കറ്റ് താരംകൂടിയായ ഇമ്രാൻ ഖാൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home