ഇറാന്റെ അതീവ സുരക്ഷാ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ്

തെഹ്‌റാൻ: തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഇറാൻ പ്രസിഡന്റിന്റെ ഓഫീസും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ കെട്ടിടവും ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് വ്യോമാക്രമണം നടത്തിയതെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഭരണകൂടത്തിന്റെ ആസ്ഥാനം, സുരക്ഷാ തീരുമാനങ്ങൾ എടുക്കുന്ന ഉന്നതതല യോഗങ്ങൾ ചേരുന്ന സ്ഥലം, സൈനിക പരിശീലന കേന്ദ്രങ്ങൾ, മറ്റ് തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യ വച്ചായിരുന്നു ആക്രമണം.
ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങളുടെ സുപ്രധാന കേന്ദ്രമാണെന്ന് തകർത്തതെന്ന ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിരുന്ന സ്ഥലമാണിത്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെയും ഏകോപനത്തെയും ഈ ആക്രമണം സാരമായി ബാധിക്കുമെന്ന് ഇസ്രയേൽ കരുതുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ ഭാഗത്ത് നിന്നും റിയാദിലെയും (സൗദി അറേബ്യ) കുവൈത്തിലെയും യുഎസ് എംബസികൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങളുണ്ടായി. റിയാദിലെ എംബസിയിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി. കുവൈത്തിലെ എംബസി താൽക്കാലികമായി അടച്ചുപൂട്ടി.
മധ്യ ഇസ്രയേലിന് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചയ്ക്ക് തയാറല്ലെന്നും ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇറാന്റെ ആണവ സ്രോതസുകളും പ്രതിരോധ സംവിധാനങ്ങളും തകർക്കുകയാണ് ഇസ്രയേൽ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.









0 comments