ad
Deshabhimani

സൈനികരില്ല, ഇസ്രായേൽ സൈന്യം ആഭ്യന്തര തകർച്ച നേരിടുന്നതായി ഐഡിഎഫ് മേധാവി

zamir
വെബ് ഡെസ്ക്

Published on Mar 27, 2026, 05:32 PM | 3 min read

ജെറുസലേം: ഒന്നിലധികം മുന്നണികളിൽ ഒരേസമയം യുദ്ധം ചെയ്യുന്ന ഇസ്രായേൽ പ്രതിരോധ സേന അതിനുതക്ക ആൾബലമില്ലാതെ കടുത്ത പ്രതിസന്ധിയിലാണെന്ന് സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം തുടർന്നാൽ സൈന്യം "സ്വയം തകർന്നടിയുന്ന" അവസ്ഥയിലെത്തുമെന്ന് അദ്ദേഹം സുരക്ഷാ ക്യാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.


ഇസ്രായേൽ മാധ്യമങ്ങളായ 'ചാനൽ 13', 'ടൈംസ് ഓഫ് ഇസ്രായേൽ' എന്നിവയാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്.


വെല്ലുവിളികൾ- പത്ത് 'റെഡ് ഫ്ലാഗുകൾ'


മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പത്ത് പ്രധാന മുന്നറിയിപ്പുകൾ (Red Flags) ജനറൽ സമീർ അവതരിപ്പിച്ചതായി ഈ റിപ്പോര്‍ടുകൾ പറയുന്നു. സൈന്യത്തിന്റെ നിലനിൽപ്പിന് അടിയന്തരമായി മൂന്ന് നിയമങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.


പുതിയ കൺസ്ക്രിപ്ഷൻ നിയമം നടപ്പാക്കണം എന്നതാണ് ഇതിൽ ആദ്യത്തേത്. കൂടുതൽ യുവാക്കളെ സൈന്യത്തിലേക്ക് നിർബന്ധിതമായി ചേർക്കുന്നതിനുള്ള നിയമമാണിത്. റിസർവ് സൈനികരുടെ സേവനം കാര്യക്ഷമമാക്കാനുള്ള നടപടികൾ. നിലവിലുള്ള സൈനികരുടെ നിർബന്ധിത സേവന കാലാവധി വർദ്ധിപ്പിക്കുക എന്നിവയാണ് മറ്റ് രണ്ട് ആവശ്യങ്ങൾ.


"അധികം വൈകാതെ സൈന്യത്തിന് അതിന്റെ പതിവ് ദൗത്യങ്ങൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ വരും. റിസർവ് സംവിധാനം അധികകാലം നിലനിൽക്കില്ല," ജനറൽ സമീർ


ലോക പൊലീസ് ചമഞ്ഞ് യുദ്ധ കൊതി മൂത്ത നേതൃത്വം രാജ്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചിരിക്കുന്നു എന്ന ആശങ്ക കൂടി ഇതിലൂടെ പുറത്ത് വരികയാണ്. പ്രാദേശിക മാധ്യമങ്ങൾ തന്നെയാണ് രഹസ്യ യോഗത്തിലെ വിവരങ്ങൾ പുറം ലോകത്ത് എത്തിച്ചത്.


സ്രായേൽ ഒരേസമയം പലയിടങ്ങളിൽ യുദ്ധം ചെയ്യുന്നതാണ് സൈന്യത്തെ തളർത്തുന്നത് എന്നാണ് വെല്ലുവിളികളിൽ പ്രധാനമായതായി ചൂണ്ടികാണിച്ചത്.


ഫെബ്രുവരി 28 മുതൽ ഇറാനുനേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിവരുന്നു. ഹിസ്ബുള്ളയെ നേരിടാൻ തെക്കൻ ലെബനനിൽ ഇസ്രായേൽ കരസേന അധിനിവേശം നടത്തിയിരിക്കുകയാണ്. മാർച്ചിൽ തുടങ്ങിയ പോരാട്ടത്തിൽ ഇതുവരെ ഇടവേളയില്ല.


മാത്രമല്ല വെസ്റ്റ് ബാങ്കിൽ ക്രമസമാധാന പാലനത്തിനായി ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം ഇതുവരെ 1,070 പേർ കൊല്ലപ്പെടുകയും 10 ലക്ഷത്തിലധികം ആളുകൾ അഭയാർത്ഥികളാവുകയും ചെയ്തിട്ടുണ്ട്.


ഇറാനും ലെബനനും പുറമെ സിറിയൻ അതിർത്തിയിലും ഇസ്രായേൽ സൈന്യം പോരാട്ടത്തിലാണ്. അവിടെയും സൈനിക വിന്യാസം ആവശ്യമായി വരുന്നു. ഗാസയിൽ ജൂത കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ മാത്രം ഒരു ഇൻഫൻട്രി ബറ്റാലിയനെ ലെബനൻ അതിർത്തിയിൽ നിന്ന് മാറ്റേണ്ടി വന്നിരുന്നു.


netanyahu and zamirഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,സൈനിക മേധാവി ഇയാൽ സമീർ


രാഷ്ട്രീയ വിമർശനം


പലസ്തീനിൽ ഇസ്രയേൽ തുടരുന്ന വംശഹത്യാ നടപടികൾ ലോക ചരിത്രത്തിലെ തന്നെ ക്രൂരതകളുടെ പട്ടികയിൽ ഇടം പിടിക്കുന്നതാണ്. ഒരു ലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി. അധികവും സ്ത്രീകളും കുട്ടികളുമാണ് ഇരകളായത്. ഇപ്പോഴും വംശ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള നടപടികൾ തുടരുകയാണ്. അമേരിക്കയ്ക്ക് ഒപ്പം ചേര്‍ന്ന് രണ്ട് തെമ്മാടി രാഷ്ട്രങ്ങൾ എന്ന നിലയിലേക്ക് ലോകത്തിന് ഭീഷണി തീര്‍ക്കുന്നു.


സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കൃത്യമായ തന്ത്രങ്ങളോ വിഭവങ്ങളോ ഇല്ലാതെ സൈന്യത്തെ ബഹുമുഖ യുദ്ധത്തിലേക്ക് തള്ളിവിട്ടുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.

"ഇത്തവണ സർക്കാരിന് 'അറിഞ്ഞില്ല' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല," എന്ന് അദ്ദേഹം തുറന്നടിച്ചു.


സൈനിക സേവനത്തിൽ നിന്ന് ചില വിഭാഗങ്ങൾക്ക് രാജ്യത്ത് ഇളവുകൾ നൽകിയിട്ടുണ്ട്. അൾട്രാ ഓർത്തഡോക്സ് വിഭാഗത്തിന് വിശേഷിച്ചും നൽകിയിട്ടുള്ള ഇളവുകൾ പിൻവലിക്കാത്തതാണ് സൈനിക ക്ഷാമത്തിന് പ്രധാന കാരണമെന്ന് വിമര്‍ശനങ്ങൾ ഉയരുന്നു. സൈനിക രംഗത്തും ആക്രമണ മേഖലയിലും താത്പര്യമില്ലാത്ത യുവ തലമുറ നിയമം മൂലം ഇതിന് നിര്‍ബന്ധിക്കപ്പെടുന്നത് രാഷ്ട്രീയ തിരിച്ചടികൾക്ക് കാരണമാവും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.


വിടവുകൾ വലുത്,

നിര്‍ബന്ധിത സേവനത്തിലും വിവേചനം


  • സൈന്യത്തിൽ നിലവിൽ ഏകദേശം 12,000 മുതൽ 15,000 വരെ സൈനികരുടെ കുറവുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 8,000 പേർ നേരിട്ട് യുദ്ധമുഖത്ത് പോരാടുന്ന കോംബാറ്റ് (Combat) വിഭാഗത്തിൽ ഉള്ളവരാണ്.

  • 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം തുടങ്ങിയ നീണ്ടുനിൽക്കുന്ന യുദ്ധം സൈനികരെ ശാരീരികമായും മാനസികമായും തളർത്തിയിട്ടുണ്ട്. സൈനികരുടെ മാനസിക നിലയും തകരാറിലാവുന്നു എന്ന് മുന്നറിയിപ്പ് സൂചന നൽകുന്നു.

  • ഇസ്രായേലിലെ അൾട്രാ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ഏകദേശം 80,000 യുവാക്കൾ സൈനിക സേവനത്തിന് യോഗ്യരാണെങ്കിലും അവർക്ക് നിലവിലുള്ള ഇളവുകൾ കാരണം സൈന്യത്തിൽ ചേരുന്നില്ല. ഇവരെ കൂടി സൈന്യത്തിൽ ചേർക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ട്. നടപ്പിലാക്കാൻ സർക്കാരിന് മേൽ വലിയ സമ്മർദ്ദമുണ്ട്. അതിൽ രാഷ്ട്രീയം കലരുന്നു.

  • നിലവിൽ പുരുഷന്മാർക്ക് 32 മാസവും സ്ത്രീകൾക്ക് 24 മാസവുമാണ് നിർബന്ധിത സേവനം. ഇത് 36 മാസമായി വർദ്ധിപ്പിക്കാൻ നീക്കമുണ്ട്. ഇത് ഉളവാക്കുന്ന പ്രതിഷേധവും സാമ്പത്തിക ഭാരവും മുന്നിലുണ്ട്. അവ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ വലുതാണ്.

  • ഇസ്രായേൽ സൈന്യത്തിന്റെ നട്ടെല്ല് റിസർവ് സൈനികരാണ് സാധാരണ ജോലി ചെയ്യുന്ന പൗരന്മാർ യുദ്ധസമയത്ത് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന പതിവാണ് ഇത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇവർ തുടർച്ചയായി യുദ്ധമുഖത്തായതിനാൽ പലർക്കും ജോലി നഷ്ടപ്പെടുകയും കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്.

    കുടുംബങ്ങളം ബന്ധങ്ങളും തകരുന്നു, ആശ്രയം ഇല്ലാത്ത സാഹചര്യം ഉയര്‍ന്നു വരുന്നു. ഇത് സൈന്യത്തിന്റെ "റിസർവ് സിസ്റ്റം" തകരാൻ കാരണമാകുമെന്ന് ജനറൽ സമീറിന്റെ പ്രസ്താവനയിൽ പ്രതിഫലിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home