ad
Deshabhimani

നതാൻസിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവ ഏജൻസി, വികിരണ ഭീഷണിയില്ല

Natans
വെബ് ഡെസ്ക്

Published on Mar 03, 2026, 05:25 PM | 1 min read

വിയന്ന: ഇറാനിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു.


യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്താരഷ്ട്ര മര്യാദകൾ മറികടന്നുള്ള ആക്രമണത്തെ കുറിച്ച് ഇരു രാജ്യങ്ങളും മൗനം പാലിച്ചു.


ആക്രമണം നടന്നതായും വികിരണം പോലുള്ള ആണവ അപകടങ്ങൾക്ക് സാധ്യതയില്ലെന്ന് ഐഎഇഎ വ്യക്തമാക്കി. നതാൻസ് ആണവ കേന്ദ്രത്തിന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ പ്ലാൻ്റിലേക്കുള്ള പ്രവേശന കവാട കെട്ടിടങ്ങൾക്കും വാഹന റാമ്പിനുമാണ് കേടുപാടുകൾ സംഭവിച്ചത്.


ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള സമയത്ത് നടന്ന ആക്രമണത്തിൽ പ്രധാന റിയാക്ടറുകൾക്കോ യുറേനിയം സമ്പുഷ്ടീകരണ യന്ത്രങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഇസ്ലാമി അന്നു തന്നെ വ്യക്തമാക്കിയിരുന്നു.


Related News

സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (ISIS) നടത്തിയ വിശകലനം പ്രകാരം, ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള സമയത്താണ് ആക്രമണം നടന്നത്. ഐഎഇഎ മേധാവി റാഫേൽ ഗ്രോസി ആദ്യഘട്ടത്തിൽ, ഇറാനിലെ ഒരു ആണവ കേന്ദ്രവും ആക്രമിക്കപ്പെട്ടതായി തങ്ങളുടെ പക്കൽ തെളിവുകളില്ലെന്ന് വ്യക്തമാക്കിയിരുന്നു . പിന്നീട് ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിന് ശേഷമാണ് കേടുപാടുകൾ സ്ഥിരീകരിച്ചത്. 


2025 ജൂണിലെ 'മിഡ്നൈറ്റ് ഹാമർ' ആക്രമണത്തിന് ശേഷം നതാൻസ് ആണവ കേന്ദ്രത്തിന് നേരെയുണ്ടാകുന്ന ആദ്യത്തെ വൻ ആക്രമണമാണിത്. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടികൾ ഗുരുതരമായ ആണവ ദുരന്തത്തിന് കാരണമാകുമെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്നും ഐഎഇഎ മേധാവി റാഫേൽ ഗ്രോസി മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നയതന്ത്ര മാർഗ്ഗങ്ങളിലേക്ക് മടങ്ങേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home