ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന് യുഎസ് പൊലീസ്; വംശീയ അധിക്ഷേപമെന്ന് കുടുംബം

ഹൈദരാബാദ്: ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ അമേരിക്കൻ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലെ മഹബൂബ്‌നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനെയാണ്(30) യു എസ് പൊലീസ് സെപ്തംബർ മൂന്നിന് വെടിവെച്ചത്. വംശീയ വിവേചനം ആരോപിച്ച കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒപ്പം താമസിക്കുന്ന ആൾക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള തർക്കം രൂക്ഷമായതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. വംശീയ പീഡനം, വേതന തട്ടിപ്പ്, ജോലിയിൽ നിന്ന് പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരസ്യമായി പരാതികൾ ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
ആരോപണങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സാന്താ ക്ലാരയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊണ്ടുപോകാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) സഹായവും കുടുംബം തേടി.








0 comments