ad
Deshabhimani

ഭക്ഷണത്തിനുള്ള അവകാശം നിയമപരമാക്കണം, ബ്രിട്ടനിൽ തൊഴിലാളി യൂണിയനുകൾ സമര രംഗത്ത്

hunger
വെബ് ഡെസ്ക്

Published on Mar 01, 2026, 05:15 PM | 2 min read

ബ്രിട്ടനിലെ വർധിച്ചുവരുന്ന ഭക്ഷ്യക്ഷാമത്തിനും ജീവിതച്ചെലവിനുമെതിരെ രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷണത്തിനുള്ള അവകാശം' നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക, പട്ടിണി നിർമ്മാർജ്ജനം ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടുക എന്നിവയാണ് യൂണിയനുകളുടെ പ്രധാന ആവശ്യം.


ബേക്കേഴ്സ്,ഫുഡ് ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയൻ (BFAWU)ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ റാലിയിൽ തൊഴിലാളികൾ നേരിടുന്ന കടുത്ത ദുരിതങ്ങളും ചർച്ചയായി.


ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന പത്തിൽ ആറുപേർക്കും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലെ വേതനം പര്യാപ്തമല്ലെന്ന് സംയുക്ത യൂണിയൻ ജനറൽ സെക്രട്ടറി സാറ വൂളി പറഞ്ഞു. ജോലിയിൽ നിന്ന് വരുമാനമുള്ള കുടുംബങ്ങളിൽ പോലും മൂന്നിലൊന്ന് ഭാഗവും നിലവിൽ ഫുഡ് ബാങ്കുകളെ (സൗജന്യ ഭക്ഷണ ശാലകൾ)ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടി. കുറഞ്ഞ വേതനം,സ്ഥിരതയില്ലാത്ത കരാർ ജോലികൾ (Zero-hour contracts),വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയാണ് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടുന്നത്.


ലേബർ പാർട്ടി ഗവൺമെന്റിന് കീഴിലും സാഹചര്യങ്ങളിൽ വലിയ മാറ്റമില്ലെന്ന് പബ്ലിക് ആൻഡ് കൊമേഴ്സ്യൽ സർവീസസ് യൂണിയൻ കുറ്റപ്പെടുത്തി. പതിനായിരക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ വേതനമാണെന്നും,പലർക്കും ജീവിക്കാൻ സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നും വെളിപ്പെടുത്തി.

45ലക്ഷം കുട്ടികൾ ദാരിദ്ര്യത്തിൽ


നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ കണക്കനുസരിച്ച് ബ്രിട്ടനിലെ 45ലക്ഷം കുട്ടികളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത്. 30കുട്ടികളുള്ള ഒരു ക്ലാസ്സിൽ ശരാശരി 10കുട്ടികൾ പട്ടിണി അനുഭവിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് എല്ലാ കുട്ടികൾക്കും സൗജന്യ സ്കൂൾ ഉച്ചഭക്ഷണം നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബ്രിട്ടണിൽ ഈ സംവിധാനമില്ല.


സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുക,മിനിമം വേതനം വർദ്ധിപ്പിക്കുക,ഭക്ഷണം-ഊർജ്ജം എന്നിവയുടെ വിലയ്ക്ക് പരിധി നിശ്ചയിക്കുക,പൊതുമേഖലാ ഭക്ഷണശാലകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.


"ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കുന്നത് വെറുമൊരു അസൗകര്യമല്ല,അതൊരു വലിയ പ്രതിസന്ധിയാണ്. മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ഭക്ഷണം മാറ്റിവെച്ച് പട്ടിണി കിടക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല,"- ട്രാൻസ്പോർട്ട് സാലറീഡ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി മറിയം ഇസ്‌ലാംദൗസ്റ്റ് പറഞ്ഞു.


ബ്രിട്ടനിലെ ഈ ജനകീയ മുന്നേറ്റം വരും ദിവസങ്ങളിൽ ലേബർ സർക്കാരിന് രാഷ്ട്രീയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ച് വരികയാണ്. കൂടുതൽ തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുന്നു.ഓൺ ലൈൻ റാലിയോടെയാണ് തൊഴിലാളി പ്രതിഷേധങ്ങൾ തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home