ad
Deshabhimani

മനുഷ്യാവകാശ പ്രവർത്തകരെ അപമാനിച്ചു; ഇസ്രയേൽ മന്ത്രിയെ വിലക്കി ഫ്രാൻസ്‌

Netanyahu.jpg
വെബ് ഡെസ്ക്

Published on May 24, 2026, 12:51 AM | 1 min read

പാരീസ്: മനുഷ്യാവകാശ പ്രവർത്തകരെ അപമാനിച്ച തീവ്രവലതുപക്ഷക്കാരനായ ഇസ്രയേലി ദേശീയ സുരക്ഷാമന്ത്രി ഇതാമർ ബെൻ-ഗ്വീറിന് ഫ്രാൻസ് യാത്രാവിലക്കേർപ്പെടുത്തി. ഫ്രഞ്ച് വിദേശമന്ത്രി ഴാങ്‌ -നോയൽ ബാരോറ്റാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലേക്ക്‌ സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിലെ യാത്രികരായ ഫ്രഞ്ച്- പൗരരോട് ഇസ്രയേൽ മന്ത്രി കാട്ടിയ ക്രൂരതയാണ് കടുത്ത നടപടിക്ക് കാരണം. യാത്രികരെ കണ്ണുകെട്ടി, കൈകൾ ബന്ധിച്ച് നിലത്തിരുത്തി ബെൻ-ഗ്വീര്‍ പരിഹസിച്ചു.

ഇതിന്റെ വീഡിയോ ബെൻ-ഗ്വീര്‍ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സൈപ്രസ് തീരത്തെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വച്ച് കപ്പലുകൾ ഇസ്രയേൽ നാവികസേന തടയുകയും 430ലേറെ മനുഷ്യാവകാശ പ്രവർത്തകരെ തടവിലാക്കുകയുമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരെ ക്രൂരമായി വലിച്ചിഴയ്‍‍ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇറ്റലി, ഫ്രാൻസ്, നെതർലൻഡ്സ്, കാനഡ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേൽ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പലസ്തീനെതിരെ നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യക്തിയാണ് ഇതാമർ ബെൻ-ഗ്വീർ. ഇയാൾക്കെതിരെ യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home