ad
Deshabhimani

എപ്‌സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചെന്ന് സമ്മതിച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്

Howard Lutnik.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 07:50 AM | 1 min read

വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമായ ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്. എപ്‌സ്റ്റീന്റെ കുപ്രസിദ്ധമായ 'ലിറ്റിൽ സെന്റ് ജെയിംസ്' ദ്വീപ് സന്ദർശിച്ചിട്ടില്ലെന്ന തന്റെ മുൻ നിലപാട് തിരുത്തിയാണ് ലുട്‌നിക് രംഗത്തെത്തിയത്.


കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്‌സ്റ്റീൻ ഫയലുകളിലെ രേഖകൾക്ക് പിന്നാലെ സെനറ്റ് സമിതിക്ക് മുൻപിലായിരുന്നു ലുട്‌നികിന്റെ കുറ്റസമ്മതം. 2012-ൽ തന്റെ കുടുംബത്തോടൊപ്പം ദ്വീപിൽ എത്തിയെന്നും എപ്‌സ്റ്റീനൊപ്പം ഉച്ചഭക്ഷണം കഴിച്ചുവെന്നുമാണ് ലുട്‌നിക് വെളിപ്പെടുത്തിയത്.


വെക്കേഷൻ യാത്രയ്ക്കിടയിലാണ് അവിടെ എത്തിയതെന്നും ഒരു മണിക്കൂർ മാത്രമാണ് ദ്വീപിൽ ചിലവഴിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. എപ്‌സ്റ്റീനുമായി യാതൊരുവിധ ബിസിനസ് ബന്ധങ്ങളുമില്ലെന്നും 2005-ന് ശേഷം ഇയാളുമായി അകലം പാലിച്ചിരുന്നുവെന്നുമാണ് ലുട്‌നിക് നേരത്തെ വാദിച്ചിരുന്നത്.


എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ ലുട്‌നികിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഡെമോക്രാറ്റിക് സെനറ്റർമാർ ചൂണ്ടിക്കാട്ടി. എപ്‌സ്റ്റീൻ ഫയലുകൾ പ്രകാരം 2018 വരെ ഇരുവരും തമ്മിൽ ഇമെയിൽ വഴി ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.


ലുട്‌നികിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നിരവധി നിയമസഭാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലുട്‌നിക് ജനങ്ങളെയും കോൺഗ്രസിനെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് സെനറ്റർ ക്രിസ് വാൻ ഹോളൻ ആരോപിച്ചു.


അതേസമയം, ലുട്‌നികിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് അറിയിച്ചു. ലുട്‌നിക് ഭരണകൂടത്തിലെ സുപ്രധാന വ്യക്തിയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.


എപ്‌സ്റ്റീന്റെ പക്കൽ ഉണ്ടായിരുന്ന നിരവധി വിഐപികളുടെ പട്ടികയും സന്ദർശക വിവരങ്ങളും പുറത്തുവരുന്നതിനിടെയാണ് ട്രംപ് മന്ത്രിസഭയിലെ പ്രമുഖനായ ലുട്‌നികിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home