ഇറാനെതിരെ നീങ്ങിയാൽ അമേരിക്കൻ കപ്പലുകളെ ആക്രമിക്കും: ട്രംപിന് മുന്നറിയിപ്പുമായി ഹൂതികൾ

സന : ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നീക്കത്തിൽ ട്രംപ് ഭരണകൂടം പങ്കുചേർന്നാൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഹൂതി വിമതർ. ചെങ്കടലിൽ യുഎസ് കപ്പലുകൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണ് യെമനിലെ ഹൂതി വിമതർ വ്യക്തമാക്കിയത്.
ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക പങ്കാളിയായാൽ, സായുധ സേന ചെങ്കടലിൽ അവരുടെ കപ്പലുകളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടും- ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരി വീഡിയോ പ്രസ്താവനയിലൂടെ ഭീഷണി ഉയർത്തി. മുമ്പ് ഗാസയിൽ ഇസ്രയേൽ കൂട്ടക്കുരുതി ആരംഭിച്ചതിനു പിന്നാലെ ചെങ്കടലിൽ ഇസ്രയേൽ കപ്പലുകളെ ഹൂതി വിമതർ ആക്രമിച്ചിരുന്നു. പിന്നാലെ അമേരിക്ക യമനിൽ ബോംബോക്രമണം ആരംഭിച്ചിരുന്നു.
ഇസ്രയേലിനു പിന്നാലെ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഫോർദോ, നഥാൻസ്, എസ്ഫാൻ ആണവ നിലയങ്ങളിലാണ് ആക്രമണം നടന്നത്. ഇറാനിൽ ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം പത്താം ദിവസമാണ് അമേരിക്ക ഇറാനിൽ നേരിട്ട് ആക്രമണം നടത്തുന്നത്. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയിൽ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു.









0 comments