ബാബ്-അൽ-മന്ദബിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് പിടിച്ചെടുത്ത് ഹൂതികൾ

Image Credit : Reuters
റിയാദ് : ബാബ്-അൽ-മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപിന്റെ (മയൂൺ) നിയന്ത്രണം ഹൂതി സൈന്യം പിടിച്ചെടുത്തു. ലോകത്തെ പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നിലാണ് ഹൂതികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ആഗോള ചരക്കുനീക്കത്തിനും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിക്കും വലിയ ഭീഷണിയാണ് ഈ നീക്കം ഉയർത്തുന്നത്. യെമന്റെ പടിഞ്ഞാറൻ തീരത്തിന് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ അഗ്നിപർവത ദ്വീപാണ് പെരിം. പെരിം ദ്വീപിന് അടത്തുള്ള തീരദേശ നഗരമായ ധുബാബിലും ഹൂതികൾ ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ്-അൽ-മന്ദബിലേക്കുള്ള കടന്നുകയറ്റത്തിന് പെരിമിലെ ആധിപത്യം നിർണായകമാണ്. 2023 മുതൽ ഹൂതി ആക്രമണം ഭയന്ന് ഈ കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം കുറഞ്ഞിരുന്നു. ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 12 ശതമാനം കടന്നുപോകുന്ന കടലിടുക്കാണ് ബാബ്-അൽ-മന്ദബ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് സൗദി എണ്ണ കയറ്റുമതിക്കായി ആശ്രയിക്കുന്നത് ഈ പാതയെയാണ്. അതിനാൽ തന്നെയിത് സൗദിയുടെ എണ്ണനീക്കത്തെ സാരമായി ബാധിക്കും. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലും ഇത് പ്രതിഫലിച്ചേക്കാം. കഴിഞ്ഞ ദിവസം സൗദി അരാംകോയുടെ എണ്ണപ്പാടങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
ഹൂതി ആക്രമണത്തിന് സൗദി അറേബ്യ സൈനിക മറുപടി നൽകി. ഹൂതികൾ പിടിച്ചെടുത്ത ചെങ്കടൽ തുറമുഖ നഗരമായ മോഖയിലെ വിമാനത്താവളത്തിന് നേരെ സൗദി സൈന്യം വ്യോമാക്രമണം നടത്തി. അതേസമയം, കൂടുതൽ തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി ആക്രമണം തുടർന്നാൽ ലക്ഷ്യസ്ഥാനങ്ങൾ മാറ്റുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഹൂതികൾ ഭീഷണി മുഴക്കിയിട്ടുണ്ട്.










0 comments